ഒരിടവേളയ്ക്കുശേഷം ശാലിനി വീണ്ടും സിനിമാലോകത്തേക്കെത്തുന്നു. അഭിനേത്രിയായല്ല ശാലിനി എത്തുന്നത്. ബോളിവുഡ് താരപത്‌നിമാരുടെ പാത പിന്തുടര്‍ന്നാണ് ശാലിനിടുടേയും വരവ്, നിര്‍മാതാവായി. പക്ഷേ ഒരു വ്യത്യാസമുണ്ട്. ബോളീവുഡ് താരപത്‌നിമാരെ പോലെ ഭര്‍ത്താവിന്റെ ചിത്രങ്ങള്‍മാത്രം നിര്‍മ്മിക്കാനല്ല. മികച്ച തിരക്കഥയാണെങ്കില്‍ ആരുടെ ചിത്രവും നിര്‍മ്മിക്കുമെന്ന് അജിത്തിന്റെ പത്‌നി പറയുന്നു.

ഇതിനായി ‘ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്’ എന്ന പേരില്‍ സിനിമാ നിര്‍മാണ കമ്പനി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെല്ലാം നേരിട്ടു നിയന്ത്രിക്കാനാണ് ശാലിനിയുടെ പരിപാടി. പണം അജിത്തിന്റേതാണെങ്കിലും സിനിമാ നിര്‍മാണത്തെക്കുറിച്ചുള്ള അന്തിമ വാക്ക് ശാലിനിയുടേതാണ്.

തല്‍ക്കാലം തമിഴകത്തുമാത്രം ഒതുങ്ങിനില്‍ക്കാനാണ് ശാലിനിയുടെ തീരുമാനം. തമിഴകത്ത് പച്ചപിടിച്ചശേഷം മാത്രമേ മറ്റുഭാഷകളിലേക്ക് തിരിയൂ എന്നാണ് താരം പറയുന്നത്.

തമിഴകത്തെ ഇളയദളപതി വിജയ് ചിത്രമാണ് ശാലിനിയുടെ ആദ്യത്തേത്. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. കമലഹാസനെ നായകനാക്കി രണ്ടാമത്തെ ചിത്രമെടുക്കാനാണ് താരത്തിന്റെ തീരുമാനം.

എന്തായാലും സിനിമാനിര്‍മ്മാണക്കമ്പനി തുടങ്ങുന്നതിനുമുമ്പ് താരം കുടുംബസമേതം രജനീകാന്തിന്റെ അടുത്തുപോയി അനുഗ്രഹം സ്വീകരിച്ചിട്ടുണ്ട്.