കൊല്‍ക്കത്ത: ഹാട്രിക് കിരീടം നേടാമെന്ന ഈസ്റ്റ് ബംഗാളിന്റെ മോഹങ്ങള്‍ തകര്‍ത്ത് ഐ ലീഗ് ചാംപ്യന്മാരായ സാല്‍ഗോക്കര്‍ ഗോവ ഫെഡറേഷന്‍ കപ്പില്‍ മുത്തമിട്ടു.

കൊല്‍ക്കത്തയില്‍ നടന്ന ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് സാല്‍ഗോക്കര്‍ മുന്‍ വര്‍ഷത്തെ ജേതാക്കളായ ഈസ്റ്റ് ബംഗാളിനെ തകര്‍ത്തത്.

തുടക്കത്തിലേ സ്റ്റാര്‍ സ്‌ട്രൈക്കര്‍ എഡു ചിഡിയും ഫ്രാന്‍സിസ് ഫെര്‍ണാണ്ടസും നേടിയ ഗോളുകള്‍ക്ക് സാല്‍ഗോക്കര്‍ മുന്നിട്ട് നിന്നു. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ലഭിച്ച പെനാല്‍ട്ടി ഗോളാക്കി അലന്‍ ഗൊ ഈസ്റ്റ് ബംഗാളിനെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടു വന്നു.

രണ്ടാം പകുതിയില്‍ റുചി സുയങ്ക ഒരിക്കല്‍ക്കൂടി ഈസ്റ്റ് ബംഗാല്‍ വലയില്‍ ഗോളെത്തിച്ചതോടെ സാല്‍ഗോക്കര്‍ വിജയം ഉറപ്പിക്കുകയായിരുന്നു . പതിനാല് വര്‍ഷത്തിന് ശേഷമാണ് സാല്‍ഗോക്കര്‍ വീണ്ടും ജേതാക്കളാവുന്നത്. ഇതിന് മുമ്പ് 1997 ലാണ് സാല്‍ഗോക്കര്‍ കിരീടം നേടിയത്. അന്നും ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചാണ് സാല്‍ഗോക്കര്‍ ജേതാക്കളായത്.

കൊല്‍ക്കത്തയില്‍ തന്നെ നടന്ന ഫൈനലില്‍ ബ്രൂണോ കുടീനോ നേടിയ ഗോല്‍ഡന്‍ ഗോളിനാണ് അന്ന് ഗോവന്‍ ക്ലബ്ബ് ജയിച്ചത്. തോല്‍വിക്ക പകരം വീട്ടാനിറങ്ങിയ ഈസ്റ്റ്ബംഗാളിന് പക്ഷെ ഒരിക്കല്‍ കൂടി സാല്‍ഗോക്കറിന്റെ മികവിന് മുന്നില്‍ പരാജയപ്പെടാനായിരുന്നു വിധി.