വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ശേഷം ഏറനാട് കണ്ട ഏറ്റവും സാഹസികനായ വിപ്ലവകാരിയായിരുന്നു സഖാവ് കുഞ്ഞാലി. സ്വതന്ത്രദാഹവും ദേശീയബോധവും തൊഴിലാളികളുടെ മോചനവും സ്വപ്‌നം കണ്ടിരുന്ന തികഞ്ഞ വിപ്ലവകാരി. അളവില്‍ കവിഞ്ഞ ധീരതയും സാഹസികതയും കൊണ്ട് എതിരാളികളുടെ പേടി സ്വപ്‌നവും പട്ടിണിപ്പാവങ്ങളുടെ കണ്ണിലുണ്ണിയുമായിരുന്ന കുഞ്ഞാലി 18 വര്‍ഷക്കാലം ഏറനാടിന്റെ മലയിടുക്കുകളില്‍ ജീവിക്കുകയും കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു.

ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി കൊല്ലപ്പെടുന്ന എം.എല്‍.എ ആയിരുന്നു സഖാവ് കുഞ്ഞാലി. എന്നിട്ടും അദ്ദേഹത്തിന്റെ ഘാതകര്‍ ശിക്ഷിക്കപ്പെട്ടില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പോലും പ്രശ്‌നത്തില്‍ ഇടപെടുകയും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചതായും കുഞ്ഞാലിയുടെ അടുത്ത സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.

വെടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ അദ്ദേഹം രക്ഷപ്പെടുമെന്ന് തന്നെ ഡോക്ടര്‍മാര്‍ വിശ്വസിക്കുകയും കൂടെയുള്ളവര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ മരണത്തിന് പിന്നില്‍ ചില ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടായതായും ഇവര്‍ സാഹചര്യ തെളിവുകളുടെ പശ്ചാത്തലത്തില്‍ വിശദീകരിക്കുന്നു.

സഖാവ് കുഞ്ഞാലിയുടെ വിപ്ലവ ജീവിതത്തെക്കുറിച്ചും രക്തസാക്ഷിത്വത്തെക്കുറിച്ചും ഹംസ ആലുങ്ങല്‍ എഴുതുന്നു.