Administrator
Administrator
കേരളത്തിന് ലൈംഗിക വിശപ്പ്
Administrator
Monday 25th January 2010 5:33pm

അഭിമുഖം/സക്കറിയ

ക്കറിയയുടെ പയ്യന്നൂര്‍ പ്രസംഗവും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കയ്യേറ്റത്തിന് ശ്രമിച്ചതും ഉയര്‍ത്തിവിട്ട ചര്‍ച്ചകള്‍ പലവഴിയായ് തിരിഞ്ഞു കഴിഞ്ഞു. കേരളത്തിലേത് കപകട സദാചാരബോധമാണെന്നും ലൈംഗിക കഥകള്‍ വിറ്റ് കാശാക്കുന്ന മാധ്യമങ്ങള്‍ ചിലഘട്ടങ്ങള്‍ മോറല്‍ പോലീസിനോടൊപ്പം നില്‍ക്കുകയാണെന്നും സക്കറിയ ആരോപിക്കുന്നു. കമ്യൂണിസ്റ്റുകാര്‍ തങ്ങളുടെ പൂര്‍വ്വ നേതാക്കളുടെ സ്വതന്ത്ര ചിന്തയിലേക്ക് തിരിച്ചു നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. റഡ്ഡിഫ് ഡോട് കോമിനു വേണ്ടി ശോഭാ വാര്യര്‍ സക്കറിയയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്.


ലൈഗികതയുമായി ബന്ധപ്പെട്ട് താങ്കള്‍ ഉയര്‍ത്തിയ വാദങ്ങള്‍ കേരളത്തില്‍ ഏറെ വിവാദം ഉയര്‍ത്തിവിട്ടിരിക്കുകയാണല്ലോ, ഇതുസംബന്ധിച്ച് താങ്കള്‍ കലാകൗമുദിയില്‍ ലേഖനമെഴുതുകയും ചെയ്തു. ഉണ്ണിത്താന്‍ സംഭവമാണോ താങ്കളെ ഇതിന് പ്രേരിപ്പിച്ചത്?

ഈ പ്രശ്‌നം പലപ്പോഴും എന്റെ മുന്നില്‍ വന്നിരുന്നു. സ്ത്രീയെയും പുരുഷനെയും ജനങ്ങള്‍ പിടികൂടി പോലീസിലേല്‍പിച്ചുവെന്ന് പലപ്പോഴും മലയാള പത്രങ്ങളില്‍ വാര്‍ത്ത വരാറുണ്ട്. ഇത്തരം സംഭവങ്ങളില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ എങ്ങിനെയായിരിക്കുമെന്നതിന്റെ ഉദാഹരണമാണിത്.

കേരളത്തില്‍ ഒരു മോറല്‍ പോലീസിങ് നിലനില്‍ക്കുന്നതായി കരുന്നുണ്ടോ?

തീര്‍ച്ചയായും. സമൂഹവും മാധ്യമങ്ങളും നടത്തുന്ന മോറല്‍ പോലീസിങ് തന്നെയാണിത്. കേരളത്തിന് ലൈംഗിക വിശപ്പാണ്. ഞാന്‍ ദല്‍ഹിയില്‍ ജീവിച്ചിട്ടുണ്ട്. മൈസൂരിലും ചെന്നൈയിലും താമസിച്ചിട്ടുണ്ട്. ആളുകളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഇത്രയേറെ ഒളിഞ്ഞു നോക്കുന്ന ഒരു സമൂഹത്തെ ഞാനെവിടെയും കണ്ടിട്ടില്ല. പ്രത്യേകിച്ചും ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തില്‍ .

രണ്ട് പ്രായപൂര്‍ത്തിയായവരെ വീടിനകത്ത് കഴിയാന്‍ സമൂഹം അനുവദിക്കില്ല. ഇത്തരം സംഭവങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. പോലീസും ഇവര്‍ക്ക് ധൈര്യം പകരുന്നു.

മാധ്യമങ്ങള്‍ക്കും ബുദ്ധിജീവികള്‍ക്കും പോലീസിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തെറ്റായ ലൈംഗിക ബോധമാണുള്ളതെന്ന് താങ്കള്‍ പറയുന്നു. ഇതെങ്ങിനെയാണ് ഉണ്ടായത്?.

പല മാര്‍ഗങ്ങളിലൂടെയാണ് ഇത് വന്നത്. കേരളത്തിലെ ഹിന്ദു സമൂഹം സ്ത്രീ പുരുഷ ബന്ധങ്ങളില്‍ പുരോഗമനപരമായ നിലപാടായിരുന്നു പഴയ കാലത്ത് സ്വീകരിച്ചിരുന്നത്. ക്രസ്ത്യന്‍ മിഷനറി പ്രവര്‍ത്തകരാണ് ഇതിന് മാറ്റമുണ്ടാക്കിയത്. ലൈംഗികതയെ പാപമായാണ് കൃസ്ത്യന്‍ പുരോഹിതര്‍ പഠിപ്പിച്ചത്. കേരളത്തിലെ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃസ്ത്യന്‍ മിഷണറിമാരായിരുന്നു നടത്തിയത്. അതിനാല്‍ അവരുടെ ചിന്തകള്‍ക്ക് വേരോട്ടം ലഭിച്ചു. എന്നാല്‍ ഏറെ രസകരമായ അനുഭവം കേരളത്തിലേക്ക് കൃസ്ത്യാനിറ്റി വന്ന ഇംഗ്ലണ്ടിലെയും ജര്‍മനിയിലെയും വിശ്വാസികള്‍ ഏറെ മാറിയെന്നതാണ്. അവിടെ ലൈഗികത പാപമല്ല. അവിടെ രാഷ്ട്രീയക്കാര്‍ പോലും സ്വതന്ത്ര ലൈംഗികതയുമായി ജീവിക്കുന്നവരാണ്.

എന്ത് കൊണ്ടാണ് കേരളം ഈ പഴയ ശീലങ്ങള്‍ തുടരാന്‍ ശ്രമിക്കുന്നത്?.

യൂറോപ്പില്‍ ജനം ഏറെ പരിഷ്‌കൃതരായിക്കഴിഞ്ഞു. അവിടെ ചര്‍ച്ചിന്റെ പിടിയില്‍ നിന്നും ജനം മോചിതരായിട്ടുണ്ട്. യൂറോപ്പ് ഇവിടെ വിതച്ച ഫ്യൂഡല്‍ വ്യവസ്ഥിതിയിലും ഈ സ്വാതന്ത്ര്യം ആഴത്തില്‍ നിലനിന്നിരുന്നു.

പിന്നീട് വന്ന ശ്രീനായണഗരുവിന്റെ നേതൃത്വത്തിലുള്ള പരിഷ്‌കരണ പ്രസ്ഥാനവും ലൈഗികതയുടെ കാര്യത്തില്‍ ഏറെ സ്വതന്ത്ര കാഴ്ചപ്പാടുള്ളവരായിരുന്നു. പിന്നീട് പുരോഗമന ശക്തിയായി വന്നത് കമ്യൂണിസമാണ്. കമ്യൂണിസം കേരളത്തില്‍ വന്ന ആദ്യകാലത്ത് എല്ലാ ഇടത് ശക്തികളും സ്വതന്ത്ര നിലപാട് സ്വീകരിച്ചവരായിരുന്നു. വിശാല ഹൃദയമുള്ളവരും ഭാവനാ സമ്പന്നരുമായിരുന്നു അവരുടെ പൂര്‍വ്വ നേതൃത്വം. അത്തരം നേതൃത്വം സ്ത്രീ പുരുഷ ബന്ധങ്ങളില്‍ ഇത്ര ആകുലപ്പെട്ടിരുന്നില്ല.

അവരെല്ലാം വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ടുവെന്നാണോ താങ്കള്‍ പറയുന്നത്?.

തീര്‍ച്ചയായും, അത് ആശയത്തിന്റെയും വ്യക്തികളുടെയും സ്വാതന്ത്ര്യമായിരുന്നു. സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ അതിന് കഴിഞ്ഞു. തോപ്പില്‍ ഭാസിയുടെ ‘ഒളിവിലെ ഓര്‍മ്മകള്‍‍ ‘ പോലുള്ള കൃതികള്‍ വായിച്ചാല്‍ അക്കാലത്തെ കമ്യൂണിസ്റ്റ് നേതാക്കള്‍ എങ്ങിനെയാണ് പ്രണയ ബദ്ധരായെന്നത് മനസിലാകും. ജാതിയും മതവും നോക്കാതെയായിരുന്നു അവരുടെ ബന്ധങ്ങള്‍ . നാല്‍പതുകളില്‍ കമ്യൂണിസം നിരോധിക്കപ്പെട്ട ശേഷം ഒളിവ് പ്രവര്‍ത്തന കാലത്തായിരുന്നു അത്. അന്‍പതുകള്‍ക്ക് ശേഷമാണ് അതൊരു രാഷ്ട്രീയ ശക്തിയായി വളരുന്നത്.

വ്യക്തി സ്വാതന്ത്ര്യങ്ങളില്‍ നിന്നും വ്യക്തിജീവിതം നിയന്ത്രിക്കുന്നിടത്തേക്ക് കമ്യൂണിസം മാറിയത് എങ്ങിനെയാണ് ?

ഒരിക്കല്‍ പാര്‍ട്ടി അധികാരം രുചിച്ചതോടെ സ്റ്റാലിന്‍ മാതൃക ഇവിടെയും ആവിഷ്‌കരിക്കപ്പെട്ടു. പാര്‍ട്ടി ക്ലാസുകളില്‍ സ്റ്റാലിന്‍ ജീവിത രീതിയാണ് പഠിപ്പിക്കപ്പെട്ടത്. അങ്ങിനെ പാര്‍ട്ടിക്ക് പഴയ സ്വാതന്ത്ര്യ ബോധം നഷ്ടപ്പെട്ടു. വ്യക്തി ജീവിതത്തെ മുഴുവന്‍ നിയന്ത്രിക്കുന്നിടത്തേക്ക് അത് ഇടുങ്ങി. ഒരു സഖാവിന് വിവാഹം കഴിക്കണമെങ്കില്‍ വരെ പാര്‍ട്ടിയുടെ അനുമതി വാങ്ങിയിരിക്കണമെന്നായി അവസ്ഥ. പാര്‍ട്ടി അംഗങ്ങളുടെ മേല്‍ ഇപ്പോഴും പാര്‍ട്ടിക്ക് ഈ നിയന്ത്രണമുണ്ട്. ഇടതുപക്ഷത്തിന്റെ ചലനാത്മകത അതിലെ മാനുഷികതയാണ്. എന്നാല്‍ അധികാരം ലഭിക്കുന്നതോടെ ഈ മാനുഷികത പടിക്ക് പുറത്താകുന്നു. വിശാല മനസ്‌കൃതരും മാനുഷിക മൂല്യങ്ങളുമുള്ള നേതാക്കള്‍ ഇപ്പോള്‍ പാര്‍ട്ടി വിടുകയാണ്.

പുതിയ നേതൃത്വമാണ് ഇതിന് കാരണമെന്ന് കരുതുന്നുണ്ടോ?

ഒ വി വിജയന്‍ മുതല്‍ പി ഭാസ്‌കരന്‍ വരെ പാര്‍ട്ടിയുമായി അകലുകയായിരുന്നു. സി പി ഐ പിളര്‍ന്ന് സി പി ഐ എം രൂപീകൃതമായി. എന്നാല്‍ ചിന്തകരും ക്രിയാത്മക നിലപാടുള്ളവരുമായ നേതാക്കളെല്ലാം സി പി ഐക്കൊപ്പമായിരുന്നു. അക്കാലത്ത് സി പി ഐ തികച്ചും വ്യത്യസ്തമായിരുന്നു.

മാധ്യമ മേഖലയിലും ബുദ്ധിശൂന്യരാണ് ഉള്ളതന്ന് കരുതുന്നുണ്ടോ?

മാധ്യമരംഗത്ത് യോഗ്യരായവരല്ല കേരളത്തിലുള്ളത്. ആണിനെയും പെണ്ണിനെയും കുറിച്ചുള്ള ലൈംഗിക വാര്‍ത്തകള്‍ നല്‍കിയാണ് മാധ്യമങ്ങള്‍ സര്‍ക്കുലേഷന്‍ വര്‍ധിപ്പിച്ചത്. ഒരുതരം ലൈംഗിക വിശപ്പാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. സ്ത്രീ പുരുഷ ബന്ധത്തെ അസൂയയോടെയാണ് മധ്യമപ്രവര്‍ത്തകര്‍ പോലും കാണുന്നത്. ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലും ഈ അസൂയയാണ്.

അനുന്ധതി റോയ് കേരളത്തിലെത്തിയപ്പോള്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ വിസമ്മതിച്ചിരുന്നു. വാര്‍ത്താ സമ്മേളനം നടത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തന്റെ മുഖത്തേക്കല്ല, മുലയിലേക്കാണ് നോക്കുന്നതെന്നായിരുന്നു അരുന്ധതി റോയിയുടെ പരാതിയെന്ന് ഒരു മാഗസിനില്‍ വന്നിരുന്നു?.

ഇത് വളരെ ശരിയാണ്. അവര്‍ സത്യം തന്റെടത്തോടെ പറയുകയായിരുന്നു. കേരള സമൂഹത്തില്‍ വളരെ അനാരോഗ്യകരമായ പ്രവണത കടന്നു കൂടിയിട്ടുണ്ട്. കേരളീയ സമൂഹം ലൈംഗികമായി പക്വത നേടുക എപ്പോഴാണെന്ന് എനിക്ക് പറയാനാവില്ല. ചെന്നൈയില്‍ ഒരു സ്ത്രീയും പുരുഷനും മാത്രം വീട്ടില്‍ കഴിഞ്ഞാല്‍ സമൂഹം വാതില്‍ തകര്‍ത്ത് അവരെ പുറത്താക്കുമെന്ന് കരുതാനാകുമോ? . എന്നാല്‍ കേരളത്തില്‍ അത് നടക്കും.

താങ്കളുടെ സംസാരത്തില്‍ രാഷ്ട്രീയ നിറം കൈവരുന്നത് എങ്ങിനെയാണെന്ന് മനസിലാവുന്നില്ല. കേരളീയ സമൂഹത്തിന്റെ പൊതുവിലുള്ള സദാചാര ബോധത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് എങ്ങിനെ ഡി വൈ എഫ് ഐയെ മാത്രം കുറ്റപ്പെടുത്താനാകും?.

പയ്യന്നൂര്‍ കമ്യൂണിസ്റ്റ് കോട്ടയാണ്. അവിടെ ചെന്ന് പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ ആരും തയ്യാറാവില്ല. യോഗം കഴിഞ്ഞപ്പോള്‍ ഒരാള്‍ എന്റെടുത്ത് വന്ന് ഭീഷണിപ്പെടുത്തി. താങ്കള്‍ ഇവിടെ വെച്ച് ഉണ്ണിത്താനെ ന്യായീകരിക്കാന്‍ ഒരിക്കലും ശ്രമിക്കരുതായിരുന്നുവെന്നാണ് അയാള്‍ പറഞ്ഞത്. ഉണ്ണിത്താനും യുവതിയും പ്രായപൂര്‍ത്തിയായവരാണ്. അവരെ വിമര്‍ശിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ഞാന്‍ അയാളോട് പറഞ്ഞു. ഉണ്ണിത്താനെ മാത്രമല്ല ഈ സാഹചര്യത്തില്‍പ്പെടുന്ന എല്ലാവരെയും ന്യായീകരിക്കുകയാണ് ഞാന്‍ ചെയ്തതെന്നും പറഞ്ഞു.

പിന്നീട് ഞാന്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോകുമ്പോള്‍ ഒരു സംഘം ആളുകള്‍ എന്റയടുത്ത് വന്ന് ചീത്ത വിളിക്കാനും എന്നെ തള്ളാനും തുടങ്ങി. പത്ത് മിനുട്ടോളം ഇത് തുടര്‍ന്നു. രണ്ട് ദിവസത്തിന് ശേഷം സി പി ഐ എം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ഞാന്‍ അവിടെ വെച്ച് കമ്യൂണിസത്തിനെതിരെ പ്രസംഗിച്ചുവെന്നാണ്.

ലൈംഗികമായ ഈ സദാചാരബോധം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മാത്രം നിലനില്‍ക്കുന്നതാണെന്ന് കരുതുന്നുണ്ടോ?.

അല്ല, ഇത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുണ്ട്. ഇതൊരു സാംസ്‌കാരിക പ്രശ്‌നമായാണ് ഞാന്‍ കണുന്നത്. ചിന്തിക്കുന്ന ന്യൂനപക്ഷം തന്റെ നിലപാടിനൊപ്പമാണ് നില്‍ക്കുന്നത്. എന്നാല്‍ മറ്റുള്ളവര്‍ മോറല്‍ പോലീസിങ് നടിക്കുന്നു.

ഈ അവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന് താങ്കള്‍ക്ക് വല്ല പ്രതീക്ഷയുമുണ്ടോ?

നിരാശയാണ്. ഞാനൊരു പ്രതീക്ഷയും കാണുന്നില്ല. രാഷ്ട്രീയം എന്നത് പതിവ് ശീലമായി മാറിയിരിക്കയാണിപ്പോള്‍ . മാറ്റം വരണമെങ്കില്‍ പഴയ കമ്യൂണിസ്റ്റ് നേതാക്കളും ശ്രീനായണഗുരുവും തിരിച്ച് വരേണ്ടിയിരിക്കുന്നു. മാധ്യമങ്ങളുടെ പങ്ക് വളരെ അപകടകരമായി മാറിയതും എന്നെ നിരാശയിലാക്കുന്നു,


സക്കറിയയുടെ വിവാദമായ പയ്യന്നൂര്‍ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം.

Advertisement