എഡിറ്റര്‍
എഡിറ്റര്‍
സകരിയയുടെ മോചനം; പൊതു സമൂഹം ഇടപെടണം: ഫ്രീ സകരിയ ആക്ഷന്‍ ഫോറം
എഡിറ്റര്‍
Thursday 17th January 2013 12:52pm

കോഴിക്കോട്: 2008 ലെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്ത പരപ്പനങ്ങാടി സ്വദേശി കോണിയത്ത് വീട്ടില്‍ കുഞ്ഞുമുഹമ്മദിന്റേയും ബീയുമ്മയുടേയും മകനായ സകരിയയുടെ ജയില്‍ വാസം നാല് വര്‍ഷം പൂര്‍ത്തിയാവകയാണ്. കേസിലെ 8 ാം പ്രതിയായ സകരിയയെ യു.എ.പി.എ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

Ads By Google

2009 ഫെബ്രുവരി അഞ്ചിനാണ് സക്കരിയയെ തിരൂരില്‍ ജോലി ചെയ്യുന്ന കടയില്‍ വെച്ച് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്യുന്നത്. ആരാണെന്നും എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്നും വെളിപ്പെടുത്താതെ വീട്ടില്‍ ഫോണിലേക്ക് ബന്ധപ്പെടാന്‍ പോലും അനുവദിക്കാതെ കര്‍ണാടക പോലീസ് ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. അറസ്റ്റ് ചെയ്ത് നാല് ദിവസത്തിന് ശേഷം ഒമ്പതാം തിയ്യതിയാണ് സക്കരിയയെ കോടതിയില്‍ ഹാജരാക്കുന്നത്. അന്ന് വൈകീട്ട് ചാനലുകളിലെ വാര്‍ത്തയില്‍ നിന്നാണ് സക്കരിയയെ അറസ്റ്റ് ചെയ്തത് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് എന്ന് വീട്ടുകാര്‍ അറിയുന്നത്.

ബി.കോം ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെയാ് പഠനം നിര്‍ത്തി തിരൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ആറ് മാസത്തെ മൊബൈല്‍ ടെക്‌നോളജി കോഴ്‌സിന് സക്കരിയ ചേരുന്നത്. 2008 ല്‍ ബാംഗ്ലൂരില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന് വേണ്ടി ടൈമറുകളും മൈക്രോ ചിപ്പുകളും 12 ാം പ്രതി ഷറഫുദ്ദീനുമായി ചേര്‍ന്ന് നിര്‍മനിച്ച് നല്‍കി എന്നതാണ് സക്കരിയയ്ക്കുനേരെയുള്ള കുറ്റം. ഷറഫുദ്ദീന്റെ കൊണ്ടോട്ടിയിലുള്ള ഇലക്ട്രോണിക് കടയില്‍ വെച്ചാണ് ഇരുവരും ചേര്‍ന്ന് ഇത് നിര്‍മിച്ചത് എന്നാണ് ആരോപണം.

പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ വരത്തിങ്കല്‍ യൂസുഫ് എന്നൊരാളുടെ സ്ഥലത്തിന് മുന്നിലെ കെട്ടിടത്തിന് പിറകിലായി രണ്ട് പഴയ മുറികളുണ്ട്. അതില്‍ ഒരു മുറിയില്‍ എന്റെ ഗ്രാമത്തിലെ ഉമര്‍ ഫാറൂഖ്, മുഹമ്മദ് സക്കരി, ഷറഫുദ്ദീന്‍, അബ്ദു റഹീം എന്ന അഫ്താബ് എന്നിവരും എട്ട് പത്ത് മുസ് ലീം യുവാക്കളും രാത്രിയല്‍ വരുകയും മണിക്കൂറുകളോളം സംസാരിച്ചിരിക്കാറുമുണ്ട്. മറ്റാരും കടന്നുവരാതിരിക്കാന്‍ വാതിലടച്ചിട്ടാണ് അവര്‍ സംസാരിക്കാറുള്ളത്. ഹിന്ദുക്കള്‍ക്ക് ആ വഴിയിലൂടെ പോകാന്‍ പേടിയാണ്. പക്ഷേ ത്വരീഖത്ത് ക്ലാസുകള്‍ അവിടെ നടക്കാറുണ്ട് എന്ന് എനിയ്ക്ക് അറിയാം. സംശയകരമായ പ്രവര്‍ത്തികളായിരുന്നു അവരുടേത്. എന്നാണ് ഹരിദാസ് നല്‍കിയ സ്റ്റേറ്റ്‌മെന്റ് എന്ന് കര്‍ണാടക പോലീസ് പറയുന്നു. എന്നാല്‍ ഇങ്ങനെ ഒരു മൊഴി നല്‍കിയിട്ടില്ല എന്ന് ഹരിദാസ് പറയുന്നു. കേസന്വേഷണത്തിനിടയില്‍ തന്നോട് സംസാരിക്കുന്നതിനിടെ തന്നോടും ചില പ്രാഥമിക വിവരങ്ങള്‍ കര്‍ണാടക പോലീസ് ചോദിച്ചിരുന്നു. ഹിന്ദുക്കളും മുസ് ലീങ്ങളും തമ്മില്‍ സൗഹാര്‍ദ്ദത്തോടെ തന്നെയാണ് ഇവിടെ ജീവിക്കുന്നതെന്ന് ഹരിദാസ് സാക്ഷ്യപ്പെടുത്തുന്നു.

കര്‍ണ്ണാടക പോലീസ് കന്നടയിലുള്ള ഒരു സ്‌റ്റേറ്റ്‌മെന്റ് നിസാമുദ്ദീന് നല്‍കുകയും അതില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. കന്നട ഭാഷ അറിയാത്തതിനാല്‍ അതെന്താണെന്ന് നിസാമുദ്ദീന്‍ അന്വേഷിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന പരപ്പനങ്ങാടി എസ്.ഐ ആണ് പറഞ്ഞത് അത് ”ഷറഫുദ്ദീന്റെ ഫോണ്‍ ഞാനാണ് ഉപയോഗിക്കുന്നത്’ എന്ന പ്രസ്താവനയാണ് അത് എന്ന്. അങ്ങനെയാണ് നിസാമുദ്ദീന്‍ സ്‌റ്റേറ്റ്‌മെന്റില്‍ ഒപ്പിടുന്നത്.

19ാമത്തെ വയസ്സില്‍ അറസ്റ്റിലായ സക്കരിയ ഇപ്പോള്‍ മാനസികമായും ശാരീരികമായും തകര്‍ന്ന അവസ്ഥയിലാണ്. ഉദരസംബന്ധമായ രോഗങ്ങളും കടുത്ത തലവേദനയും സകരിയ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

വ്യാജ സാക്ഷിമൊഴികള്‍ നിരത്തി, കള്ളക്കേസില്‍ കുടുക്കി അന്യായമായി തടവിലാക്കപ്പെട്ട സകരിയയുടെ മോചനത്തിനും ഇത്തരം കള്ളക്കേസുകളുടെ യാഥാര്‍ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരാനും കേരളത്തിലെ പൊതു സമൂഹവും മാധ്യമങ്ങളും രംഗത്തുവരണം.

മാത്രമല്ല,UAPA (Unlawful Activities (Prevention) Act) അടക്കമുള്ള കരിനിയമങ്ങളില്‍പ്പെടുത്തി നിരവധി മുസ്ലീം ചെറുപ്പക്കാരും ദലിത് ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്. നൂറ് കണക്കിന് നിരപരാധികളെ ജയിലിലടക്കുന്ന ഇത്തരം കരിനിയമങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണര്‍ന്നുപ്രവര്‍ത്തിക്കണം എന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

പത്രസമമ്മേളനത്തില്‍ പങ്കെടുത്തവര്‍:
ബീയ്യുമ്മ (സകരിയയുടെ മാതാവ്) കെ.പി.ശശി (മനുഷ്യാവകാശ പ്രവര്‍ത്തകന്‍, ആക്ടിവിസ്റ്റ്) എം.ജിഷ. (ഡോക്യുമെന്ററി പ്രവര്‍ത്തക) ശുഹൈബ് (സകരിയയുടെ ബന്ധു, ഫ്രീ സകരിയ ആക്ഷന്‍ ഫോറം കണ്‍വീനര്‍)

Advertisement