Administrator
Administrator
‘ എ.കെ.ജിയായിരുന്നു ഏറ്റവും ജനപ്രിയനായ കമ്മ്യൂണിസ്റ്റ് ‘
Administrator
Thursday 7th April 2011 2:35pm

പ്രമുഖ സാഹിത്യകാരനും വിവാദങ്ങളുടെ തോഴനുമായ സക്കറിയ നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചും വിവിധ രാഷ്ട്രീയകക്ഷികളെക്കുറിച്ചും നേതാക്കളെക്കുറിച്ചും റെഡിഫ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ നിന്നും

ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാറില്‍ നിന്നുതന്നെ തുടങ്ങാം. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടന്നുവരവിനെക്കുറിച്ചും ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെക്കുറിച്ചും?


സോഷ്യലിസത്തിനോടുള്ള കടുത്ത ആഭിമുഖ്യത്തില്‍ നിന്നുമാണ് കേരളത്തില്‍ മാര്‍ക്‌സിസം അല്ലെങ്കില്‍ കമ്മ്യൂണിസം ഉദയം ചെയ്യുന്നത്. 1917ലെ ഒക്ടോബര്‍ വിപ്ലവമാണ് എല്ലാത്തിനും നിദാനമായത്. ആദ്യകാലം മുതല്‍ക്കേ വിദ്യാഭ്യാസ നിലവാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമായിരുന്നു നമ്മുടേത്.

1920 ആയപ്പോഴേക്കും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ വിവര്‍ത്തനം കേരളത്തിലിറങ്ങിയിരുന്നു. 1917ലെ ഒക്ടോബര്‍ വിപ്ലവം കഴിഞ്ഞ് വെറും മൂന്നുവര്‍ഷം ആയപ്പോഴാണ് ഇതെന്നും ഓര്‍ക്കേണ്ടതുണ്ട്. ദാസ് ക്യാപിറ്റലിന്റെ വിവര്‍ത്തനവും അപ്പോഴേക്കും കേരളത്തിലെത്തിയിരുന്നു. വിദ്യാഭ്യാസപരമായി ഔന്നത്യം നേടിയ ഇ.എം.എസ് അടക്കമുള്ള ആളുകളെ ഇത് സ്വാധീനിച്ചു. ഇവര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയും കമ്മ്യൂണിസം പ്രചരിപ്പിക്കുകയുമായിരുന്നു.

എങ്ങിനെയാണ് പാര്‍ട്ടി കേരളത്തിന്റെ മുഖച്ഛായ മാറ്റിയത്?
പല വിധത്തില്‍ പാര്‍ട്ടി കേരളത്തില്‍ മാറ്റം വരുത്തി. അന്ന് കേരളത്തില്‍ ജനാധിപത്യമല്ല. വിവിധ നാട്ടുരാജാക്കന്‍മാരുടെ ഭരണമായിരുന്നു. തുടര്‍ന്ന് ക്രിസ്ത്യന്‍ മിഷനറിമാര്‍ രംഗത്തെത്തുകയും അവരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി വിദ്യാഭ്യാസം താഴേക്കിടയിലേക്ക് എത്തുകയും ചെയ്തു. നാരായണഗുരുവിന്റെ സ്വാധീനവും വിസ്മരിക്കാവുന്നതല്ല.

എന്നാല്‍ നാരായണ ഗുരുവിനേക്കാളും മിഷനറിമാരെക്കാളും നാട്ടുരാജാക്കന്‍മാരെക്കാളും വിസ്തൃതമായ ചിന്താഗതിയുമായിട്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രംഗത്തെത്തിയത്. അടിത്തട്ടില്‍ ജീവിക്കുന്നവരെയായിരുന്നു പാര്‍ട്ടി ലക്ഷ്യമിട്ടത്. അധ്വാനവര്‍ഗ്ഗത്തിന്റെ ശബ്ദമാവാന്‍ പാര്‍ട്ടി ശ്രമിച്ചു.

ജാതിയുടെ ഉന്നതസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രഭാവം പ്രകടമായിരുന്നു. ബ്രാഹ്മണന്‍മാരും, നായന്‍മാരും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ താല്‍പ്പര്യം കാട്ടി. ഇതൊരു തുടക്കമായിരുന്നു. ആ തുടക്കം ഒരു വിപ്ലവമായി പടരുകയായിരുന്നു.

സ്വന്തം അവകാശങ്ങളെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കേരളീയരെ പഠിപ്പിച്ചത് എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ ജനങ്ങളുടെ ചുമതലകളെക്കുറിച്ച് പഠിപ്പിക്കുന്നതില്‍ കമ്മ്യൂണിസം പിന്നോട്ടുപോയോ?
ഒരു പരിധിവരെ ഇത് ശരിയായിരിക്കാം. അവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാനുള്ള ശ്രമത്തിലൂടെയാണ് തൊഴിലാളി സംഘടനകളും മറ്റും ഉദയംകൊണ്ടത്. സ്വാഭാവികമായും ആളുകള്‍ അവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്‍മാരായിരുന്നു.

ഉത്തരവാദിത്തങ്ങളില്‍ നിന്നും കേരളീയര്‍ പിറകോട്ടുപോയി എന്നത് വാസ്തവമാണ്. എന്നാല്‍ ഇതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ല കാരണക്കാര്‍. മറ്റ് രാഷ്ട്രീയപാര്‍ട്ടികളും ഇതില്‍ ഇടപെടല്‍ നടത്തി. വോട്ട് ബാങ്കിനായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും മറ്റുള്ളവരും തൊഴിലാളികളെ ചൂഷണം ചെയ്തു.

ഇത് സംസ്ഥാനത്തിന്റെ വികസനത്തെയല്ലേ തടസപ്പെടുത്തിയത്?

തീര്‍ച്ചയായും. വ്യാവസായികവല്‍ക്കരണത്തെയും അനുബന്ധമേഖലയെയുമാണ് ഇത് കാര്യമായി ബാധിച്ചത്. തങ്ങളുടെ അവകാശത്തെക്കുറിച്ച് സംസാരിക്കാനാണ് തൊഴിലാളികള്‍ ആദ്യം പഠിച്ചത്. എന്നാല്‍ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തയ്യാറായുമില്ല. ഇതിന് എല്ലാ പാര്‍ട്ടികളും ഉത്തരവാദികളാണ്.കേരളത്തിന്റെ അയല്‍ക്കാരെല്ലാം വ്യാവസായികമായി വന്‍ വളര്‍ച്ചയാണ് നേടിയത്.

കേരളത്തിന്റെ വ്യാവസായികവളര്‍ച്ചയെ കമ്മ്യൂണിസം തടയുകയല്ലേ ഉണ്ടായത്?
ശരിയാണ്. ഇതില്‍ മുഖ്യഉത്തരവാദിത്തം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് തന്നെയാണ്. ഇപ്പോഴും ആ പഴയ ആചാരങ്ങള്‍ കമ്മ്യൂണിസം കൊണ്ടുനടക്കുന്നുണ്ട്. നോക്കുകൂലി തന്നെ ഉദാഹരണം. നോക്കുകൂലി കേരളത്തില്‍ മാത്രമേ നടക്കുന്നുള്ളൂ എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ലോകത്തെല്ലായിടത്തും നോക്കുകൂലിയുണ്ട്.

ഇത്തരം ആചാരങ്ങളെല്ലാം ആദ്യം നടപ്പിലാക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. മറ്റ് പാര്‍ട്ടികള്‍ ഇതേറ്റു പിടിച്ചു.

വിദേശപണം കൊണ്ട് എത്രദൂരം ഒരു സമ്പദ്‌വ്യവസ്ഥയ്ക്ക് പോകാന്‍ കഴിയും?
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ പണമെത്തുന്നത് മുഖ്യമായും വിദേശരാഷ്ട്രങ്ങളില്‍ നിന്നാണ്. ജപ്പാനില്‍ നിന്നും അമേരിക്കയില്‍ നിന്നും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും കോടികളാണ് കേരളത്തിലേക്ക് ഇപ്പോഴും എത്തുന്നത്. വിദേശപണം ഇല്ലെങ്കില്‍ കേരളത്തിന്റെ സാമ്പത്തികവ്യവസ്ഥ തന്നെ തകരും.

ഗള്‍ഫ് രാഷ്ട്രങ്ങളെയാണ് കാര്യമായി ആശ്രയിക്കുന്നത്. ഈ രാഷ്ട്രങ്ങളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കേരളത്തില്‍ സാമ്പത്തികമാന്ദ്യത്തിന്റെ സുനാമിയാകും ഉണ്ടാവുക. വിദേശങ്ങളില്‍ നിന്നുള്ള പണമൊഴുക്ക് നിലച്ചാല്‍ കേരളീയന്റെ അന്നം മുട്ടും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്ന വകയിലാണ് ഏറ്റവുമധികം തുക ചിലവാകുന്നത്. ഏതാണ്ട് 3 കോടിയോളം രൂപവരും ഇത്. ഏതാണ്ട് രണ്ടുലക്ഷത്തോളം ഉദ്യോഗസ്ഥരാണ് ഇത്രയും ശമ്പളം പറ്റുന്നത്.

ഉപഭോക്തൃ സംസ്ഥാനമെന്ന പേരും കേരളത്തിന് ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. ഇതും ഒരു പ്രശ്‌നമല്ലേ?
വിദേശരാഷ്ട്രങ്ങളില്‍ നിന്നും പണംവരുന്നിടത്തോളം കാലം വലിയ പ്രശ്‌നമൊന്നും ഉണ്ടാകാറില്ല. കേരളത്തിന്റെ മൊത്തം ബജറ്റിന്റെ ഏഴിരട്ടിയോളം തുകയാണ് വിദേശങ്ങളില്‍ നിന്നുമെത്തുന്നത്. ഏഴിരട്ടിപണം മറ്റ് മാര്‍ഗ്ഗങ്ങള്‍ വഴിയും സംസ്ഥാനത്തെത്തുന്നു. ഈ പണമാണ് ശരിക്കും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നത്.

ശരിക്കും ഭൂപരിഷ്‌ക്കരണവും പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യവും കേരളത്തിന്റെ നേട്ടങ്ങളായിരുന്നില്ലേ?
ശരിയാണ്. ഭൂപരിഷ്‌ക്കരണത്തില്‍ നിന്നുമാണ് എല്ലാം തുടങ്ങിയത്. ഇത് കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യമണ്ഡലത്തില്‍ വന്‍ ചലനങ്ങളാണുണ്ടാക്കിയത്.

മനുഷ്യത്വമുള്ള ചില നേതാക്കളുടെ പിന്തുണയാണ് ഇതിന് സഹായിച്ചത്. വി.ടി ഭട്ടതിരിപ്പാടിനപ്പോലുള്ളവര്‍ സമൂഹത്തിലെ അടിത്തട്ടിലുള്ളവര്‍ക്ക് ആശ്വാസമെത്തിക്കണമെന്ന് ആഗ്രഹിച്ചു. തുടര്‍ന്ന് കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തിയതോടെ സമൂഹത്തിലൂടനീളം മാറ്റങ്ങള്‍ ദൃശ്യമായി.

എന്നാല്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള ശ്രമത്തിനിടെ ഈ മനുഷ്യത്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കൈമോശം വന്നുപോയി. അധികാരം മാത്രമായി ലക്ഷ്യം.

ഇ.എം.എസ്സായിരുന്നോ ഇതുവരെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ പ്രതിഭാശാലി?
അല്ല. അദ്ദേഹം അടിസ്ഥാനപരമായി ഒരു ചിന്താശാലിയായിരുന്നു. എഴുത്തിലായിരുന്നു കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടിയുമായി പോലും പലകാര്യങ്ങളിലും അദ്ദേഹത്തിന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ജനകീയാസൂത്രണത്തിന്റെ കാര്യത്തില്‍ പാര്‍്ട്ടിയും ഇ.എം.എസ്സും രണ്ടുതട്ടിലായിരുന്നു. എ.കെ.ജിയായിരുന്നു ഏറ്റവും ജനപ്രിയനായ കമ്മ്യൂണിസ്റ്റ്.

ഇന്നത്തെ ചെറുപ്പക്കാര്‍ ശരിക്കും കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരാവുന്നുണ്ടോ?
സാഹിത്യ-സാംസ്‌കാരിക മേഖലയും നാടകരംഗവും സമര്‍ത്ഥമായി ഉപയോഗിച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വേരോടിയത്. എന്നാല്‍ ഇന്ന് യുവജനതയെ ആകര്‍ഷിക്കാനുള്ള കഴിവ് പാര്‍ട്ടിക്കുണ്ടെന്ന് തോന്നുന്നില്ല.

ഇന്ന് പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുന്നവര്‍ ആരുമില്ല. പാര്‍ട്ടി പണംകൊടുത്ത് പണിയേല്‍പ്പിക്കുകയാണ്. പാര്‍ട്ടിക്കുവേണ്ടി ചെയ്യുന്ന ജോലിക്ക് പണം ലഭിക്കുന്നു. ഇന്ന് പാര്‍ട്ടി പണംകൊടുത്ത് ജോലിയെടുപ്പിക്കുന്ന സംവിധാനം പോലെ മാറിയിരിക്കുന്നു.

1940 കളില്‍ കേരളത്തില്‍ തുടങ്ങിയ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളും ഇന്നത്തെ സ്ഥിതിയും എങ്ങിനെ കാണുന്നു?
1940 കളില്‍ ആളുകള്‍ മാറ്റത്തിനായിട്ടായിരുന്നു ആഗ്രഹിച്ചത്. ആ മാറ്റം നടപ്പിലാക്കാന്‍ കുറച്ചൊക്കെ പാര്‍ട്ടിക്ക് കഴിയുകയും ചെയ്തു. അധികാരം ലഭിച്ചതോടെ പാര്‍ട്ടിയിലും പ്രവര്‍ത്തനത്തിലും മാറ്റം വരുത്താന്‍ തുടങ്ങി.

പാര്‍ട്ടിയില്‍ എല്ലാവരും അഴിമതിക്കാരാണെന്ന് അഭിപ്രായമില്ല. വളരെ മികച്ച രീതിയില്‍ പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്നവരും ഉണ്ട്. എങ്കിലും 1940കളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു നിഴല്‍പോലുമല്ല ഇന്നത്തെ പാര്‍ട്ടി. അധികാരം ലഭിക്കാനായി ശ്രമിക്കുന്ന ഒരു സാധാരണ പാര്‍ട്ടി മാത്രം.

യു.ഡി.എഫ്-എല്‍.ഡി.എഫ് കക്ഷികളെ മാറിമാറി തുണച്ച ചരിത്രമാണ് കേരളത്തിനുള്ളത്. ഇത്തവണ മാറ്റമുണ്ടാകുമോ?
വി.എസ് വീണ്ടും മുഖ്യമന്ത്രിയാവുകയും പാര്‍ട്ടി പഴയപോലെ അദ്ദേഹത്തിനെതിരേ എതിര്‍പ്പുമായി രംഗത്തെത്തുകയും ചെയ്യുകയാണെങ്കില്‍ അതിലും വലിയ ഒരു ദുരന്തമുണ്ടാവില്ല. അങ്ങിനെയെങ്കില്‍ ഇനിയുള്ള അഞ്ചുവര്‍ഷവും കേരളത്തിന് ദുരന്തമായിരിക്കും സംഭവിക്കുക.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ യു.ഡി.എഫിന് അനുകൂലമായ സാഹചര്യമായിരുന്നു. എന്നാല്‍ അവര്‍കുഴിച്ച കുഴിയില്‍ അവര്‍തന്നെ വീഴുകയായിരുന്നു.

ബാലകൃഷ്ണപിള്ളയുടെ ജയില്‍വാസം യു.ഡി.എഫിനെ കാര്യമായി ബാധിച്ചേക്കും. അഴിമതിക്കെതിരായ നേതാവെന്നാണ് വി.എസ്സിനെക്കുറിച്ച് പറയുന്നത്. എന്നാല്‍ സെക്രട്ടറിയേറ്റില്‍ അഴിമതിയുടെ കൂത്തരങ്ങാണ്. പണം കൊടുക്കാതെ ഒരുഫയല്‍ പോലും സെക്രട്ടറിയേറ്റില്‍ നിന്ന് നീങ്ങാത്ത സ്ഥിതിയാണുള്ളത്.

മുസ്‌ലിം ലീഗിനെ എങ്ങിനെ കാണുന്നു? മതത്തിനുവേണ്ടിയുള്ള പാര്‍ട്ടിയാണോ അല്ലെങ്കില്‍ മതേതര പാര്‍ട്ടിയോ?
കേരളത്തില്‍ മതേതരപാര്‍ട്ടിയെന്ന പ്രതിച്ഛായയാണ് ലീഗിനുള്ളത്. മതഭ്രാന്തിനും വര്‍ഗ്ഗീയതയ്ക്കും എന്നും എതിരുനിന്നിട്ടുള്ള പാര്‍ട്ടിയാണിത്. ശരിക്കും മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടി ഇല്ലായിരുന്നുെങ്കില്‍ കേരളത്തില്‍ മത-സാമ്പ്രദായിക കക്ഷികള്‍ അഴിഞ്ഞാടുമായിരുന്നു.

ശക്തരായ നേതൃത്വനിരയ്ക്കു കീഴില്‍ രൂപീകൃതമായ പാര്‍ട്ടിയാണിത്. വളരെ വ്യക്തമായ വോട്ടുബാങ്കുള്ള പാര്‍ട്ടിയാണിത്. പേരില്‍ മുസ്‌ലിം ലീഗ് എന്നത് അടങ്ങിയിട്ടുണ്ടെങ്കിലും ഏതെങ്കിലും ഒരുമതത്തിന് വേണ്ടിമാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല ഇത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനെ അടിതെറ്റിക്കാന്‍ സി.പി.ഐ.എമ്മിന് സാധിച്ചിരുന്നു. എന്നാല്‍ ഇതിന്റെ ഗുണം ലഭിച്ചത് എന്‍.ഡി.എഫിനാണ്.

ഈയിടെ നടന്ന സംഭവങ്ങള്‍ ഏറെ ഞെട്ടിക്കുന്നതായിരുന്നു. കേരളവും കശ്മീരിന്റെ പാതയിലേക്കാണോ പോകുന്നത്?
ഇത്തരം ആരോപണങ്ങളെല്ലാം വെറുതേയാണ്. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി കഴിഞ്ഞ 13,14 വര്‍ഷമായി ചില പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. കേരളത്തിലെ ഇസ്‌ലാം മതവിശ്വാസികള്‍ കടുത്ത മതമൗലികവാദികളാണെന്ന് വരുത്താന്‍ ശ്രമം നടക്കുന്നുണ്ട്.

വളരെ കരുതലോടെയാണ് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തിക്കുന്നത്. മദ്രസകളിലൂടെയും മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും മുസ്‌ലിം ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ സംഘടന ശ്രദ്ധിക്കുന്നുണ്ട്. എന്‍.ഡി.എഫ് പോലുള്ള സംഘടനകള്‍ക്കാണ് ഇത് ഗുണകരമാകുന്നത്.

കേരളം കശ്മീരിന്റെ പാതയിലേക്ക് പോകുന്നു എന്ന വാദമൊന്നും ശരിയല്ല. ബി.ജെ.പിയുടെ വെറും ആരോപണങ്ങള്‍ മാത്രമാണിത്. സംഘപരിവാറുമായി ചേര്‍ന്ന് ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കാന്‍ ശ്രമിക്കുന്നുണ്ട്.

Advertisement