ന്യൂദല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസ് പ്രതി മുന്‍ കോണ്‍ഗ്രസ് എം.പി സജ്ജന്‍ കുമാറിന് ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സജ്ജന്‍ കുമാറിന്റെ അറസ്റ്റ് വാറന്റ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

സജ്ജന്‍ കുമാറിനെ ഒരാഴ്ചയായി കാണാനില്ലെന്ന് തെറ്റായ പരാതി നല്‍കിയ അദ്ദേഹത്തിന്റെ സുരക്ഷാചുമതലയുള്ള പോലീസ് കോണ്‍സ്റ്റബിളിനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സജ്ജന്‍ കുമാറിനെ അറസ്റ്റ് ചെയ്യാത്ത സി.ബി.ഐ. നടപടിയെ കോടതി ശകാരിച്ചിരുന്നു.

സിബിഐ ജനുവരി 13നാണ് കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെതിരെ രണ്ട് കേസുകളുടെ ചാര്‍ജ്ജ് ഷീറ്റ് തയ്യാറാക്കിയത്.

1984ല്‍ ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്ന് പൊതു ജനത്തെ കലാപത്തിലേക്ക് നയിക്കുന്ന തരത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തി 12 പേരുടെ മരണത്തിന് ഇടയാക്കിയ കേസിലായിരുന്നു സജ്ജന്‍ കുമാറിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുച്ചിരുന്നത്.