തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ മന്ത്രി ഗണേഷ്‌കുമാര്‍ പ്രഖ്യാപിച്ച അഴിച്ചുപണി തുടരുന്നു. അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ സജിത മഠത്തിലിനെ അക്കാദമിയില്‍ നിന്നും പിരിച്ചുവിട്ടു. യാതൊരു കാരണവും കാണിക്കാതെയാണ് ഓഗസ്റ്റ് വരെ കാലവധിയുള്ള സജിതയെ പിരിചിച്ചുവിട്ടതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.

ചലച്ചിത്ര അക്കാദമിയില്‍ അഴിച്ചുപണി നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ഇതിനുള്ള നടപടി പുരോഗമിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് എഴുത്തുകാരിയും നാടകപ്രവര്‍ത്തകയുമായ സജിത മഠത്തിലിനെ പിരിച്ചുവിട്ടത്.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കരാര്‍ വ്യവസ്ഥയില്‍ ജോലിയില്‍ പ്രവേശിച്ച സജിതയ്ക്ക് ഓഗസ്റ്റ് വരെയാണ് കാലാവധി. എന്നാല്‍ യാതൊരു കാരണവും കാണിക്കാതെ ചെയര്‍മാന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് പ്രിയദര്‍ശന്‍ പിരിച്ചുവിടല്‍ നോ്ട്ടീസ് നല്‍കുകയായിരുന്നു.

ചലച്ചിത്ര അക്കാദമിയില്‍ പത്രപരസ്യം നല്‍കി കൃത്യമായി നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ഏകനിയമനമാണ് സജിത മഠത്തിലിന്റേത്. കഴിഞ്ഞദിവസം രാജ്യാന്തര ചലച്ചിത്രമേളകളുടെ ചുമതലയില്‍ നിന്നും ഫെസ്റ്റിവെല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോളിനെ നീക്കിയിരുന്നു.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നോട്ടീസ് പോലും നല്‍കാത്ത അക്കാദമിയില്‍ നിന്നും നേരത്തെ നാല് പേരെ പിരിച്ചുവിട്ടിരുന്നു. ഗണേഷ്‌കുമാര്‍ ചുമതലയേറ്റശേഷം അക്കാദമിയിലുണ്ടായ പലനിയമങ്ങളും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് പുതിയ പിരിച്ചുവിടല്‍.