എഡിറ്റര്‍
എഡിറ്റര്‍
പൂച്ചക്ക് ഇവിടെ എന്തു കാര്യമെന്നാണെങ്കില്‍ ക്ഷമിക്കണം, കുറച്ച് കാര്യമുണ്ട്: മാന്‍ഹോളിനെ വിമര്‍ശിച്ച ബി. ഇക്ബാലിന് മറുപടിയുമായി സജിത മഠത്തില്‍
എഡിറ്റര്‍
Tuesday 14th March 2017 3:08pm

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രത്തിനും സംവിധായകയ്ക്കുമുള്ള അവാര്‍ഡ് നേടിയ വിധു വിന്‍സന്റിനെതിരെ നിലപാടെടുത്ത ഡോ. ഇക്ബാലിനെ വിമര്‍ശിച്ച് നടി സജിതാ മഠത്തില്‍.

ഫീച്ചര്‍ ഫിലിം എന്നു പറയാനുള്ള യോഗ്യത മാന്‍ഹോളിന് ഇല്ലെന്നും ഒരു ഡോക്യുഫിക്ഷന്‍ ആയി മാത്രമേ ഇതിനെ കാണാനാകൂ എന്നുമായിരുന്നു സിനിമ കണ്ട ഇക്ബാല്‍ പ്രതികരിച്ചത്.
ഞങ്ങള്‍ക്ക് വ്യക്തി ജീവിതവും കലാജീവിതവും രണ്ടല്ലെന്നും ഇവ പരസ്പരം ഇഴപിരിഞ്ഞ് ഞങ്ങളെ എന്നും അസ്വസ്ഥപ്പെടുത്തിക്കൊണ്ടേ ഇരിക്കുമെന്നും സജി പറയുന്നു. നിങ്ങളുടെ കാഴ്ചയില്‍ തെളിയുന്ന ബിംബങ്ങളോ അവയുടെ കലാപരതയോ ഞങ്ങള്‍ക്ക് സ്വീകാര്യമാകണമെന്നില്ല. വഴിമാറി നടക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്. ചുറ്റുമുള്ള ലോകത്തെ അറിയാനും സിനിമ അറിയാനും അവയെ പരസ്പരം ബന്ധിപ്പിക്കാനും നടത്തുന്ന ശ്രമങ്ങളില്‍ കരുത്ത ശക്തിയാണ് ആ നടത്തങ്ങളെ സജീവമാക്കുന്നതെന്നും സജിത പറയുന്നു.
സജിത മഠത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

പത്തിരുപത്തി അഞ്ചു വര്‍ഷം മുമ്പുള്ള ഒരു പരിഷത്തിന്റെ ക്ലാസ്സ് മുറിയാണ്. ഡോ. ഇക്ബാല്‍ നയിക്കുന്ന ആരോഗ്യത്തെ കുറിച്ചുള്ള ക്ലാസ്സാണ് നടക്കുന്നത്. കോഴിക്കോട് ട്രെയിനിങ്ങ് കോളേജിലെ ബഞ്ചിലിരുന്ന് ഞാനത് കേട്ടത് ഇന്നലെ എന്ന പോലെ ഓര്‍മ്മയുണ്ട്. ആ ക്ലാസ്സ് അദ്ദേഹം അവസാനിപ്പിച്ചത് ഏറെ നാടകീയമായാണ്. സ്ത്രീകളാണ് സമൂഹത്തിന്റെ ആരോഗ്യത്തെ മാറ്റി തീര്‍ക്കുന്നവര്‍, അവര്‍ക്ക് സമൂഹത്തില്‍ തുല്യത ഉണ്ടാവുമ്പോഴേ സാമൂഹികവും ശാരീരികവുവുമായ ആരോഗ്യം സംഭവിക്കയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചപ്പോള്‍ ഞങ്ങള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു. ആ ചിന്തകള്‍ എന്നെ പോലുള്ള കുറെ പെണ്‍കുട്ടികളെ വളര്‍ന്ന വഴികളില്‍ നിന്ന് മാറി നടക്കാന്‍ പ്രേരിപ്പിച്ചു.. മാന്‍ഹോള്‍ എന്ന സിനിമ എടുത്ത സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ച ഈ വിധു വിന്‍സെന്റും കേരളത്തില്‍ ജനിച്ചു വളര്‍ന്ന് ഈ ആണ്‍ലോകത്തോട് വഴക്കടിച്ച് വഴിമാറി നടന്നവളാണ്,

ഇന്ന് ‘ കലാമൂല്യമുള്ള ”സിനിമകള്‍ എടുക്കുന്ന ഈ സംവിധായകരൊക്കെമികച്ച സിനിമകള്‍ വലിയൊരു പങ്കും കണ്ടിരുന്നത് അന്നൊക്കെ ഫിലീം സൊസൈറ്റി വഴിയായിരുന്നല്ലോ ‘.. അവിടെ വൈകുന്നേരങ്ങളില്‍ നിങ്ങള്‍ മദ്യപിച്ചും ബീഡി വലിച്ചും അല്ലാതെയും സിനിമ കണ്ട് ചര്‍ച്ച ചെയ്യുമ്പോള്‍ ഞങ്ങള്‍ പെണ്‍ സിനിമാ മോഹികള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാതെ വീട്ടുകാരോട് പിണങ്ങി അത്താഴം മുടക്കി കരഞ്ഞു വീര്‍ത്ത കണ്ണുകളോടെ ഒരു മൂലക്കിരുന്നു സിനിമ സ്വപ്നം കാണുകയായിരുന്നു.


Dont Miss ഗോവയിലും മണിപ്പൂരിലും ബി.ജെ.പിയുടെ പണത്തിന് മുന്‍പില്‍ തോറ്റെന്ന് രാഹുല്‍ ; യു.പിയിലെ വിജയത്തിന്റെ കാരണം വേറെയാണ്


അന്നൊക്കെ അപൂര്‍വ്വമായി നടക്കുന്ന ഫിലീം ഫെസ്റ്ററുവലുകളില്‍ മല കയറും പോലെ മുടങ്ങാതെ എത്തിച്ചേരാന്‍ ഞങ്ങളുടെ ആര്‍ത്തവവും പ്രസവവും കുഞ്ഞുകുട്ടി പരാധീനതകളും സമ്മതിച്ചിരുന്നില്ല. എങ്കിലും ആര്‍ക്കും അത്യാവശ്യമല്ലെങ്കിലും ഞങ്ങളും ഇടിച്ചു കയറി കുറെ സിനിമകള്‍ കണ്ടു. രാത്രി നീണ്ടു നില്‍ക്കുന്ന നിങ്ങളുടെ സിനിമാ ചര്‍ച്ചകളില്‍ ഞങ്ങളില്ലായിരിക്കാം. മുറിയെടുത്ത് തിരക്കഥ രചിക്കാന്‍, അവയെ കലാമൂല്യമുള്ള സിനിമയാക്കുവാന്‍, ദിവസങ്ങളോളം അതിനായി തെണ്ടിതിരിഞ്ഞു ചിന്താമഗ്‌നരാവാന്‍ ഞങ്ങള്‍ക്കു ഏറെ ആഗ്രഹമുണ്ട്! പക്ഷെ അങ്ങിനെയൊക്കെ ഒരു സംവിധായിക നടന്നാല്‍ പിന്നെ ആര്‍ക്കൊക്കെ കുരു പൊട്ടും എന്നു ഞാന്‍ പറയേണ്ടല്ലോ

ഞങ്ങള്‍ക്ക് വ്യക്തി ജീവിതവും കലാജീവിതവും രണ്ടല്ല. ഇവ പരസ്പരം ഇഴപിരിഞ്ഞ് ഞങ്ങളെ എന്നും അസ്വസ്ഥപ്പെടുത്തിക്കൊണ്ടേ ഇരിക്കും. നിങ്ങളുടെ കാഴ്ചയില്‍ തെളിയുന്ന ബിംബങ്ങളോ അവയുടെ കലാപരതയോ ഞങ്ങള്‍ക്ക് സ്വീകാര്യമാകണമെന്നില്ല. വഴിമാറി നടക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്. ചുറ്റുമുള്ള ലോകത്തെ അറിയാനും സിനിമ അറിയാനും അവയെ പരസ്പരം ബന്ധിപ്പിക്കാനും നടത്തുന്ന ശ്രമങ്ങളില്‍ കരുത്ത ശക്തിയാണ് ആ നടത്തങ്ങളെ സജീവമാക്കുന്നത്.

ഇതിന്റെ സംഘര്‍ഷമെന്തെന്ന് മനസ്സിലാക്കാന്‍ ഡോ ഇക്ബാലിന് പ്രയാസമില്ല എന്നു തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. ഈ സ്ത്രീ സര്‍ഗ്ഗാത്മക വഴികള്‍ വ്യത്യസ്തവും അവയുടെ ഭാഷ പെട്ടെന്ന് നിങ്ങള്‍ക്ക് ദഹിക്കാത്തതുമായിരിക്കാം. പക്ഷെ പൂച്ചക്ക് ഇവിടെ എന്തു കാര്യമെന്നാണെങ്കില്‍ ക്ഷമിക്കണം കുറച്ച് കാര്യമുണ്ട്.

അടുത്ത വര്‍ഷങ്ങളിലും ഞങ്ങള്‍ ഇവിടെ തന്നെ കാണും കൂടുതല്‍ നിയതമായ ഭാഷ പതുക്കെ രൂപപ്പെടുത്തുകയും ചെയ്യും! വിധു വിന്‍സെന്റിനും അവള്‍ക്കൊപ്പം സിനിമാ സ്വപ്നത്തില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സ്‌നേഹം, ഈ സിനിമാ ലോകം നമ്മളുടേതു കൂടിയാണ്.

Advertisement