എഡിറ്റര്‍
എഡിറ്റര്‍
ജോലിക്കിടെ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നാണോ പറയുന്നത്: ‘അമ്മ’ ക്കെതിരെ സജിത മഠത്തില്‍
എഡിറ്റര്‍
Thursday 23rd February 2017 12:14pm

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി സജിതാ മഠത്തില്‍.

നടിമാര്‍ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്ന ‘അമ്മ’യുടെ നിര്‍ദേശത്തിനെതിരെയാണ് താരം രംഗത്തെത്തിയത്.

‘അമ്മയിലായിരുന്നു പ്രതീക്ഷയെന്നും ഇനി എന്തുചെയ്യുമെന്നും സജിത മഠത്തില്‍ ചോദിക്കുന്നു. ‘നടികള്‍ നടത്തുന്ന യാത്രയുടെ ഉത്തരവാദിത്തംപോലും ഏറ്റെടുക്കില്ലെന്നാണോ അമ്മ പറയുന്നത്?’ സജിത ചോദിക്കുന്നു.

താന്‍ ഇരുപത്തിയഞ്ചു വര്‍ഷമായി ഇന്ത്യയ്ക്കകത്തും പുറത്തും ഒറ്റയ്ക്കാണ് യാത്ര ചെയ്തിട്ടുള്ളത്. തന്നെപ്പോലെയുള്ള കുറച്ച് നടിമാര്‍ ഉണ്ട്. ജോലിസമയത്ത് രാപ്പകല്‍ ഒറ്റയ്ക്ക് പണിയെടുക്കുന്ന നടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കണമെന്നാണോ അമ്മ പറയുന്നതെന്നും സജിതാ മഠത്തില്‍ ചോദിക്കുന്നു.

2017ല്‍ ഒരു സംഘടനയ്ക്ക് ഇത്രയും സ്ത്രീവിരുദ്ധമായ തീരുമാനം ഉറക്കെ പറയാന്‍ സാധിക്കുന്നത് ഏറെ വേദന ഉണ്ടാക്കുന്നു. ശരീരത്തിനുനേരെയുള്ള അക്രമങ്ങളേക്കാള്‍ വേദനാജനകമാണിതെന്നും സജിത പറയുന്നു.

ഇടതുപക്ഷ എംപിയുടെ സാന്നിദ്ധ്യത്തിലാണോ ഈ തീരുമാനമെന്നും സജിതാ മഠത്തില്‍ ചോദിക്കുന്നു. സ്ത്രീ അംഗങ്ങള്‍ക്കും വല്ല്യേട്ടന്മാരുടെ അഭിപ്രായമാണോ? അപ്പോ പിന്നെ ഡര്‍ബാര്‍ ഹാളില്‍ എന്തിനാ കൂടിയത്?- എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

സജിതാ മഠത്തിലിന്റെ കുറിപ്പ്

ഞാനാണെങ്കില്‍ അമ്മയുടെ കുടുബത്തില്‍ അംഗമാകാന്‍ ഏറെ ആഗ്രഹിക്കുന്ന ഒരാളാണ്. പക്ഷെ ഇരുപത്തി അഞ്ചു വര്‍ഷമെങ്കിലുമായി ഇന്ത്യക്കകത്തും പുറത്തും ഒറ്റക്കാണ് യാത്ര ചെയ്തിട്ടുള്ളത് , കൂടെ യാത്ര ചെയ്യാന്‍… പ്രത്യേകിച്ച് എന്റെ സുരക്ഷക്കായി ആരും വേണമെന്നു കരുതുന്നുമില്ല! എന്നെ പോലെ ഉള്ള കുറച്ചു നടികളെങ്കിലും ഈ രംഗത്തുണ്ടാവില്ലെ?

ജോലി സമയത്ത് ( രാപ്പകല്‍) ഒറ്റക്ക്പണിയെടുക്കുന്ന നടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ഇനി മുതല്‍ സ്വയം ഏറ്റെടുക്കണം എന്നാണോ അമ്മ പറയുന്നത്? മറ്റു സര്‍വ്വീസ് സംഘടനകള്‍ തങ്ങളുടെ അംഗങ്ങളായ സ്ത്രീകളോട് ഇത്തരം ആവശ്യം ഉന്നയിക്കുമോ? തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ തൊഴില്‍ ദായകര്‍ നല്‍കേണ്ടതല്ലെ? സിനിമാ വ്യവസായം ഇതില്‍ പെടില്ലെ?(ആണ്‍തുണയില്ലാതെ ജോലി സ്ഥലത്തു വന്ന് എന്തെങ്കിലും സംഭവിച്ചാല്‍ അതില്‍ തങ്ങള്‍ക്കു ഉത്തരവാദിത്വം ഇല്ലെന്നു ഇവര്‍ പറയുന്നത് സര്‍ക്കാര്‍ ശ്രദ്ധിക്കുമല്ലോ?)

2017ല്‍ കേരളത്തിലെ ഒരു സംഘടനക്ക് ഇത്രയും സ്തീ വിരുദ്ധമായ തീരുമാനം ഉറക്കെ പറയാന്‍ സാധിക്കുന്നത് ഏറെ വേദന ഉണ്ടാക്കുന്നു. ശരീരത്തിനു നേരെ നടക്കുന്ന ആക്രമണങ്ങളെക്കാള്‍ ഇത് വേദനാജനമാണ എന്നു പറയാതെ വയ്യ!
അപ്പോ ഒരു സംശയം.. ഈ തീരുമാനമെടുക്കുമ്പോള്‍ ഇടതുപക്ഷ എംപി സ്ഥലത്ത് ഉണ്ടായിരുന്നോ? സ്ത്രീ അംഗങ്ങള്‍ക്കും വല്ലേട്ടന്മാരുടെ അഭിപ്രായമാണോ? അപ്പോ പിന്നെ ഡര്‍ബാര്‍ ഹാളില്‍ എന്തിനാ കൂടിയത്?

Advertisement