പ്രീ- പ്രെയ്ഡ് പ്രണയങ്ങളുടെ
പ്രലോഭനങ്ങള്‍ മതി നിനക്ക്
ആദ്യത്തെ ആവേശം കഴിയുമ്പോള്‍
നിങ്ങള്‍ വിളിക്കുന്ന വ്യക്തി തിരക്കിലാണെന്നോ
അയാള്‍ ഉപയോഗത്തില്‍ ആണെന്നോ കേള്‍ക്കും…

പിന്നീട് സ്വിച്ചിഡ് ഓഫ് എന്ന അനന്തമായ
ഇടവേളകളെ നോക്കി നിനക്ക് അക്ഷമയാകാം..
ഉല്‍കണ്ഠയുടെ കൊടുമുടിയില്‍
ഒറ്റക്കാലില്‍, ഏത് നിമിഷവും വീഴുമെന്ന പേടി
സ്വപ്നങ്ങളില്‍ പിടിച്ചു നില്‍ക്കും.

അല്ലെങ്കില്‍ ഏകാകിയായി അലയാം
നെടുവീര്‍പ്പിന്റെ നിതാന്ത സാന്നിധ്യവും സാധ്യതയും
നിന്റെ പാരവശ്യം കുറച്ചു കൊണ്ട് വരും.
റീചാര്‍ജു ചെയ്താലും ലഭിക്കാത്ത
ആത്മവിശ്വാസത്തിന്റെ ഊര്‍ജം
കയ്യെത്താത്ത അകലത്ത് നിന്ന്
നിന്നെ നായാടി കൊണ്ടിരിക്കും.

മിസ്സഡ്‌കോള്‍ കൊണ്ട് മോഹിപ്പിച്ചവന്‍
മജ്ജയില്‍ അള്ളിപ്പിടിക്കുന്ന
മാരക നൊമ്പരമായി പടരും.
പരിധിക്കു പുറത്താണെന്ന്
ഞെട്ടലോടെ തിരിച്ചറിയുന്ന ദിവസം
നിന്റെ മരണം സ്ഥിരീകരിക്കും.

ചരമ കോളത്തിലെ ആറ് ഇഞ്ചില്‍
നിന്റെ ശ്മശാന സാന്നിധ്യം അച്ചടിച്ചു വരും.
നിത്യമായ നിര്‍വൃതിയുടെ നിമ്‌നോന്നതങ്ങളിലിരുന്നു
പിന്നെ നിനക്ക് മൊബൈല്‍ മനുഷ്യരെ നോക്കി
വെറുതെ ഊറി ചിരിക്കാം.


മൊബൈല്‍ ഫോണ്‍ പതിപ്പ് ഇനി അറ്റന്റ് ചെയ്യാം

റിങ് ടോണ്‍ (കവിത / വീരാന്‍ കുട്ടി)

ആദാമും ഹവ്വയും പിന്നെ വിലക്കപ്പെട്ട കനിയും ( മൊബൈല്‍ ഒരു വായന / ജോസഫ് കെ ജോബ്)

കയ്യും തലയും പുറത്തിടരുത് ( കഥ: ടി.ബി ലാല്‍)

ചൈനാ സെറ്റ് (കവിത:അജീഷ് ദാസന്‍)