court-2

കൊച്ചി: എന്‍.ഡി.എഫ്. പ്രവര്‍ത്തകനായ കണ്ണൂര്‍ ഇരിട്ടിയില്‍ സൈനുദ്ദീനെ(26) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്.  എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി. പ്രതികള്‍ക്ക് 50,000 രൂപ വീതം പിഴയുമുണ്ട്.

11 പ്രതികളില്‍ അഞ്ച് പേരെ വെറുതെ വിട്ടു. സി.പി.ഐ.എം പ്രാദേശിക നേതാക്കളടക്കം ആറ് പേര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

സി.പി.ഐ.എം. പ്രവര്‍ത്തകരായ വിളക്കോട് ഊവപ്പള്ളി സ്വദേശികളുമായ നെല്ലിക്കാട്ട് വീട്ടില്‍ നിജില്‍(25) , കുഞ്ഞിപ്പറമ്പില്‍ കെ.പി. ബിജു(34), പുതിയ പുരയ്ക്കല്‍ പി.പി. റിയാസ് (25), ഇരിട്ടി പയ്യാഞ്ചേരി വാഴക്കാടന്‍ വിനീഷ് (32), പാനോലില്‍ സുമേഷ് (29), ഒമ്പതാം പ്രതി പുത്തന്‍പുരയ്ക്കല്‍ ബഷീര്‍ (45)എന്നിവരെയാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്.

കൊലപാതക കാരണം വ്യക്തിവൈരാഗ്യമല്ലെന്നും എന്‍.ഡി.എഫ്.- സി.പി.ഐ.എം. രാഷ്ട്രീയ വൈരാഗ്യമാണെന്നും കോടതി കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എം. ഓഫീസില്‍ ഗൂഢാലോചന നടന്നുവെന്ന് സി.ബി.ഐ. കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കോടതി അത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേരെ വെറുതെ വിട്ടിരുന്നു.

2008 ജൂണ്‍ 23നാണ് ഇരിട്ടി കാക്കയങ്ങാട് ടൗണില്‍ വെച്ച് സലില ചിക്കന്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന എന്‍.ഡി.എഫ്. പ്രവര്‍ത്തകനായ സൈനുദ്ദീന്‍ കൊല്ലപ്പെടുന്നത്. എസ്.എഫ്.ഐ ക്യാമ്പസ് ഫ്രണ്ട് സംഘര്‍ഷത്തിനിടെയായിരുന്നു സൈനുദ്ദീന് വെട്ടേറ്റത്.