sainuddeenജിദ്ദ: ജോലിക്കിടെ കാലില്‍ ഇരുമ്പ് ബീം വീണതിനെത്തുടര്‍ന്ന് വലതുകാല്‍ നഷ്ടപ്പെട്ട മലയാളി യുവാവ് നാട്ടിലേക്ക് മടങ്ങി. പാലക്കാട് മുണ്ടൂര്‍ പൂതനാട് സ്വദേശി ഞായമ്പടം സൈനുദ്ദീനാണ്(27) സുമനസ്സുകളുടെ സഹായത്തില്‍ ഇന്നലെ നാട്ടിലേക്ക് പോയത്. ആറു മാസം മുമ്പ് പുതിയ വിസയില്‍ നാട്ടില്‍ നിന്നെത്തിയ സൈനുദ്ദീന്‍ മഹ്ജര്‍ സനാഇയ്യയിലെ ഒരു സ്വകാര്യ സ്റ്റീല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ മാസമാണ് അപകടമുണ്ടായത്.

രണ്ടര ടണ്‍ ഭാരമുള്ള ഇരുമ്പ് ബീം ക്രെയിനില്‍ തൂക്കി മാറ്റുന്നതിനിടയില്‍ കൊളുത്ത് വിട്ട് സൈനുദ്ദീന്റെ കാലിലേക്ക് പതിക്കുകയായിരുന്നു. ബീമിനടിയില്‍ പെട്ട് വലതുകാലിന്റെ മുട്ടിനെ താഴെ അറ്റുപോവുകയും ഇടതു കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ വെച്ച് കാല്‍ തുന്നിപ്പിടിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഹൗസ് ഡ്രൈവര്‍ വിസയിലെത്തിയ സൈനുദ്ദീന്‍ ഒരു ലേബര്‍ സപ്ലൈഓഫീസ് വഴിയാണ് സ്റ്റീല്‍ കമ്പനിയില്‍ കരാര്‍ ജോലിക്കാരനായി കയറിയത്.

പുറത്ത് ജോലി ചെയ്യുന്നതിനാല്‍ സ്‌പോണ്‍സറുടെ ഭാഗത്ത് നിന്നോ കരാര്‍ ജോലിക്കാരനായതിനാല്‍ കമ്പനിയില്‍ നിന്നോ ഒരു സഹായവും ലഭിച്ചില്ല. ഇതെ തുടര്‍ന്ന് സൈനുദ്ദീന്റെ സഹപ്രവര്‍ത്തകരും ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരും സഹായവുമായി രംഗത്തിറങ്ങുകയായിരുന്നു. ഫ്രറ്റേണിറ്റി ഫോറം സമാഹരിച്ച തുകയും നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റും ഫോറം സനാഇയ്യ കമ്മിറ്റി സെക്രട്ടറി മുസ്തഫ തവളേങ്ങലും ഏരിയ കമ്മിറ്റി അംഗം ആലിക്കോയയും ആശുപത്രിയില്‍ വെച്ച് സൈനുദ്ദീന് കൈമാറി.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത സൈനുദ്ദീന്‍ സഹോദരന്‍ സിറാജിന്റെ കൂടെ ഇന്നലെ രാത്രി നാട്ടിലേക്ക് പോയി. ഞായമ്പടം സൈനുദ്ദീന്റെയും നൂര്‍ജഹാന്റെയും നാലു മക്കളില്‍ ഇളയവനായ സൈനുദ്ദീന്‍ അവിവാഹിതനാണ്. നിര്‍ധന കുടുംബംഗമായ ഇദ്ദേഹത്തെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സൈനുദ്ദീന്റെ സ്‌റ്റേറ്റ് ബാങ്ക് പാലക്കാട് പുതുപരിയാരം ബ്രാഞ്ചിലെ എക്കൗണ്ടിലെക്ക് പണമയക്കണമെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു. (എക്കൗണ്ട് നമ്പര്‍ 20022527205 ബ്രാഞ്ച് കോഡ് 8245).