എഡിറ്റര്‍
എഡിറ്റര്‍
സൈന നെഹ്‌വാളിന്റെ ആത്മകഥ പുറത്തിറങ്ങി
എഡിറ്റര്‍
Thursday 8th November 2012 10:00am

ഹൈദരാബാദ്: ബാഡ്മിന്റണില്‍ ഇന്ത്യയുടെ അഭിമാനമായ സൈന നെഹ്‌വാളിന്റെ ആത്മകഥ പുറത്തിറങ്ങി. ‘പ്ലെയിങ്‌ ടു വിന്‍ മൈ ലൈഫ് ഓണ്‍ ആന്റ് ഓഫ് കോര്‍ട്ട്’ എന്നാണ് ആത്മകഥയുടെ പേര്.

Ads By Google

ഇക്കാലത്തിനിടെയുള്ള തന്റെ ജീവിതവും കായികരംഗത്തെ അനുഭവങ്ങളുമാണ് ആത്മകഥയില്‍ ലളിതമായി വിവരിച്ചിരിക്കുന്നതെന്ന് സൈന പറഞ്ഞു. ഹൈദരാബാദിലാണ് പുസ്തകം പ്രകാശന ചടങ്ങ് നടന്നത്. ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവ് ഗഗന്‍ നാരംഗ്, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കിംഗ്ഷുക് നാഗ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഈ ലോകത്ത് എന്തെങ്കിലും നേടണമെങ്കിലും ആരെങ്കിലുമൊക്കെ ആകണമെങ്കിലും നടത്തേണ്ടി വരുന്ന കഠിനാധ്വാനം എത്രയാണെന്ന് ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. ഒരു സുപ്രഭാതത്തില്‍ എല്ലാം നേടിയവരായി ആരുമില്ലെന്ന സന്ദേശവും’ പ്ലെയിങ്‌ ടു വിന്‍ മൈ ലൈഫ് ഓണ്‍ ആന്റ് ഓഫ് കോര്‍ട്ട്’ നല്‍കുന്നു.

തന്റെ ജീവിതകഥ കൂടുതല്‍ സൈനമാരെ സൃഷ്ടിക്കാന്‍ ഉതകുന്നതാണെന്ന് പ്രകാശനച്ചടങ്ങില്‍ അവര്‍ പറഞ്ഞു. ഈ ദിവസം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഈ 22ാം വയസ്സില്‍ ആത്മകഥ പുറത്തിറക്കാന്‍ കഴിയുമെന്ന് താന്‍ കരുതിയില്ല.

താന്‍ ആത്മകഥയെഴുതുന്നു എന്ന് പറഞ്ഞപ്പോള്‍ പലര്‍ക്കും അത്ഭുതമായിരുന്നു. ഇത്ര ചെറിയ പ്രായത്തിലോ എന്ന് പലരും ചോദിച്ചു. എന്നാല്‍ ഇത് എഴുതുക എന്നത് എന്റെ ഒരു നിയോഗമായിരുന്നെന്ന് ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നു.

തന്റെ പരിശീലകരുടേയും സഹകളിക്കാരുടേയും പിന്തുണ തന്നവരുടേയും ജീവിതവും പുസ്തകത്തില്‍ കടന്നുവരുന്നുണ്ട്. തന്റെ ഇതുവരെയുള്ള കായിക ജീവിതം രാജ്യത്തെ മറ്റ് കായിക താരങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്ന വിശ്വാസത്തിലാണ് ആത്മകഥ പുറത്തിറക്കിയത്- സൈന പറഞ്ഞു.

117 പേജുള്ള പുസ്തകത്തില്‍ ഒമ്പത് വയസ് മുതല്‍ ഒളിമ്പിക് മെഡല്‍ നേടിയത് വരെയുള്ള സൈനയുടെ കായിക ജീവിതമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement