Categories

ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ്: സൈനക്ക് വിജയതുടക്കം

ന്യൂദല്‍ഹി: ഫ്രഞ്ച് ഓപ്പണ്‍ സുപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍താരം സൈന നേഹ്വാളിന് വിജയതുടക്കം. വനിതകളുടെ സിംഗിള്‍സില്‍ ആദ്യ റൗണ്ടില്‍ ഹോളണ്ടിന്റെ ജി യാവോയാണ് സൈന കീഴടക്കിയത്. ഹോളണ്ട് താരത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൈന രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്.

വെറും 29 മിനിട്ട് മാത്രം നീണ്ട് നിന്ന് മത്സരത്തില്‍ 21-14, 21-9 എന്ന സ്‌കോറിനായിരുന്നു സൈനയുടെ വിജയം. മത്സരത്തിന്റെ തുടക്കത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു ഇരുതാരങ്ങളും. 4-4 എന്ന നിലയില്‍ നിന്ന് 8-4 എന്ന ലീഡിലേക്ക് മുന്നേറിയ സൈന താളം കണ്ടെത്തിയതോടെ 21-14ന് സെറ്റ് സ്വന്തമാക്കി. ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ ലക്ഷണം കാണിച്ച് സൈന തന്നെക്കാള്‍ റാങ്കിങില്‍ ഏറെ പിന്നിലുള്ള എതിരാളിക്ക് ഒരു ചാന്‍സും നല്‍കാതെ രണ്ടാം സെറ്റും ഗെയിമും സ്വന്തമാക്കി.

മത്സരത്തില്‍ 22 സ്മാഷാണ് സൈന തൊടുത്തത്. ഏഴ് നെറ്റ് വിന്നറുകളും സൈന തൊടുത്തു. ചൈനയുടെ സൂരി ലിയും കൊറിയയുടെ യോന്‍ ജു ബെയും തമ്മിലുള്ള മത്സരവിജയിയാണ് രണ്ടാം റൗണ്ടില്‍ നാലാം സീഡായ സൈനയുടെ എതിരാളി.

അതേ സമയം പുരുഷവിഭാഗത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വെങ്കല മെഡല്‍ ജേതാവായ ഇന്ത്യന്‍ താരം ചേതന്‍ ആനന്ദിന് ആദ്യ റൗണ്ട് കടക്കാനായില്ല. ഒന്നാം റൗണ്ടില്‍ ഫ്രാന്‍സ് താരത്തിനെതിരെയുള്ള മത്സരത്തിനിടെ ചേതന്‍ പിന്‍വാങുകയായിരുന്നു. ആദ്യ സെറ്റ് 13-21 ന് എതിരാളിക്ക് മുന്നില്‍ അടിയറവ് വച്ചതിന് ശേഷമായിരുന്നു ചേതന്റെ പിന്‍വാങ്ങല്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.