ടോകിയോ: സൈന നേവാള്‍ ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ബാഡ്മിന്റണിന്റെ വനിതാ വിഭാഗത്തില്‍ നിന്നും പുറത്തായി. ജര്‍മന്‍ താരം ജൂലിയന്‍ ഷെങ്കിനോട് തോറ്റാണ് ഇന്ത്യയുടെ സൈനാ നേവാള്‍ പുറത്തായത്. നാലാം സീഡായ സൈനയെ നേരിട്ടുള്ള സെറ്റുകളില്‍ 21-19, 21-10 എന്ന സ്‌കോറിനാണ് തോല്പിച്ചത്.

ആദ്യ കളിയില്‍ 19-19 എന്ന നിലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. രണ്ടാം കളിയില്‍ പക്ഷേ ജൂലിയന്‍ ഷെങ്ക് മുന്‍തൂക്കം നേടുകയായിരുന്നു. ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തുള്ള ജൂലിയന്‍ ഷെങ്കിനോടാണ് അഞ്ചാം സ്ഥാനത്തുള്ള സൈന തോറ്റിരിക്കുന്നത്.

ഷെങ്കിനെതിരെ ഏഴ് തവണ കളിച്ചതില്‍ അഞ്ച് വിജയം നേടിയ റെക്കോഡുമായാണ് സൈന സെമിഫൈനലിനെത്തിയിരുന്നത്. 2010 ഹോങ്കോങ് ഓപ്പണ്‍ സെമിയില്‍ അവസാനമായി ഇരുവരും ഏറ്റുമുട്ടിയപ്പോഴും സൈനയായിരുന്നു ജയിച്ചത്.