ന്യൂ­ദല്‍­ഹി: ഈ വര്‍ഷത്തെ ഖേല്‍രത്‌ന പുരസ്‌കാരം ബാഡ്മിറ്റന്‍ താരം സൈനാ നേവാളിന്. അര്‍ജു­ന അ­വാര്‍­ഡിന് മലയാളികളായ ജോസഫ് എബ്രഹാം, കെ ജെ കപില്‍ ദേ­വും അര്‍­ഹ­രായി. ലോക ബാഡ്മിന്റണ്‍ റാങ്കിങില്‍ രണ്ടാം സ്ഥാനത്താണ് സൈന.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയാണ് കോട്ടയം സ്വദേശി ജോസഫ് എബ്രഹാം. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവാണ് ജോസഫ്. ദേശീയ വോളിബോള്‍ ടീമിലെ സ്‌ട്രൈക്കറാണ് വര്‍ക്കല സ്വദേശി കെ ജെ കപില്‍ദേവ്. പാകിസ്ഥാനില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ജൂണിയര്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന കപിലിന്റെ നേതൃത്വത്തിലാണു കൊളംബോയിലെ ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യ കിരീടമണിഞ്ഞ­ത്.

പി. ടി. ഉഷ അധ്യക്ഷയായ ദല്‍ഹിയില്‍ ചേര്‍ന്ന ദേശീയ കായികഅവാര്‍ഡ് നിര്‍ണയ സമിതിയാണ് പുരസ്‌കാരങ്ങള്‍ക്കായി താരങ്ങളെ തിരഞ്ഞെടുത്തത്