ന്യൂദല്‍ഹി: ജപ്പാന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസം ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടി. സൈന നേഹ് വാള്‍ ഒഴിച്ചുള്ള ഉന്ത്യന്‍ താരങ്ങളെല്ലാം ടൂര്‍ണ്ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. പുരുഷ സിംഗിള്‍സില്‍ പി.കശ്യപും , അജയ് ജയറാമും മിക്‌സഡ് ഡബ്ബിള്‍സില്‍ വി.ദിജു- ജ്വാല ഗുട്ട സംഖ്യവും വനിതാ ഡബ്ബിള്‍സില്‍ ജ്വാല-അശ്വനി ജോഡിയുമാണ് ടൂര്‍ണ്ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായത്.

ആദ്യ റൗണ്ടില്‍ തായ്‌ലന്റിന്റെ ഇന്‍ന്താനോണ്‍ രാറ്റ്ച്ചനോക്കിനെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തിയ സൈന സിംഗപ്പൂരിന്റെ മിന്‍ഗ്റ്റിയാന്‍ ഫുവിനെ കീഴടക്കിയാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. സിംഗപ്പുര്‍ താരത്തിനെതിരെ 21-17, 21-16നായിരുന്നു സൈനയുടെ വിജയം. ഇവിടെ നാലാം സീഡാണ് സൈന. വെള്ളിയാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ സിംഗപ്പൂരിന്റെ തന്നെ ജുവാന്‍ ഗു ആണ് ഇന്ത്യന്‍ താരത്തിന്റെ എതിരാളി.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് വെങ്കല മെഡല്‍ ജേതാവായ പി. കശ്യപ് രണ്ടാം റൗണ്ടില്‍ ചൈനീസ് താരത്തിനോട് തോല്‍വി വഴങ്ങിയത്. ആറാം സീഡായ ചൈനയുടെ ജിന്‍ ചെന്നിനെതിരെ 15-21, 21-6, 18-21നായിരുന്നു കശ്യപിന്റെ പരാജയം.

ലോക ഏഴാം നമ്പര്‍ താരം ടിന്‍ മിന്നിനെ അട്ടിമറിച്ച് രണ്ടാം റൗണ്ടിലെത്തിനയ അജയ് ജയറാമിന് പക്ഷെ ആ മികവ് ആവര്‍ത്തിക്കാനായില്ല. ഇന്തോനേഷ്യയുടെ സൈമണ്‍ സാന്റോസിനോട് 20-22, 16-21നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.

അഞ്ചാം സീഡുകളായ ലിങ് ചെങ്-സിങ് ചെങ് ജോഡികളോടാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ മിക്‌സഡ് ഡബ്ബിള്‍സ് കൂട്ടുകെട്ടായ വി.ദിജു-ജ്വാല ഗുട്ട സംഖ്യം തോറ്റത്. സ്‌കോര്‍: 15-21, 10-21

ലോക ചാംപ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാക്കളായ ജ്വാല-അശ്വനി ജോഡിയും രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. പുരുഷ ഡബ്ബിള്‍സില്‍ മലയാളി താരങ്ങളായ രുപേഷ് കുമാര്‍, സനേവ് തോമസ് സംഖ്യം ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.