ലണ്ടന്‍: 19ാംമത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായ സൈന നെഹ്‌വാള്‍ മൂന്നാംറൗണ്ടില്‍ കടന്നു. മിക്‌സഡ് ഡബ്ബിള്‍സില്‍ മലയാളി താരം വി. ഡിജുവും ജ്വാല ഗുട്ട സംഖ്യവും ജയത്തോടെ മൂന്നാം റൗണ്ടിലെത്തി.

ആറാം സീഡായ സൈന ഐര്‍ലന്‍ഡിന്റെ ചോലെ മാഗിയെയാണ് തോല്‍പ്പിച്ചത്. 26 മിനിറ്റ് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ 21-10, 21-7 എന്ന സ്‌കോറിനാണ് സൈനയുടെ വിജയം. ചൈനീസ് തായ്‌പേയുടെ പൂ യിന്‍ യിപാണ് മൂന്നാം റൗണ്ടില്‍ സൈനയുടെ എതിരാളി. യിപിനെതിരെ നേരത്തേ മൂന്ന് തവണ ഏറ്റ് മുട്ടിയപ്പോള്‍ രണ്ടിലും സൈന വിജയിച്ചിരുന്നു.

മിക്‌സഡ് ഡബ്ള്‍സില്‍ പരിക്കിന്റെ പിടിയില്‍നിന്ന് തിരിച്ചെത്തിയ മലയാളി താരം വി. ഡിജു കൂട്ടുകാരി ജ്വാല ഗുട്ടക്കൊപ്പം മലേഷ്യയുടെ ജു ഓങ്, ചിന്‍ ചോങ് സംഖ്യത്തെ തോല്‍പ്പിച്ചാണ് മൂന്നാം റൗണ്ടിലെത്തിയത്. 16ാം സീഡായ ഡിജുജ്വാല സഖ്യം 21-11, 21-15 എന്ന സ്‌കോറിനാണ് എതിരാളികളെ തകര്‍ത്തത്.

പരിക്കുമൂലം ഒരു മാസത്തിലേറെ നീണ്ടുനിന്ന ഇടവേളക്കൊടുവിലാണ് സൈനയിവിടെ കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ലോകത്തെ ടോപ്‌സീഡ് താരമായെത്തി ക്വാര്‍ട്ടര്‍ഫൈനലില്‍ കീഴടങ്ങി മടങ്ങിയ സൈന ഇവിടെ തന്റെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നേരത്തെ ഒന്നാം റൗണ്ടില്‍ സൈനക്ക് ബൈ ലഭിച്ചിരുന്നു.