എഡിറ്റര്‍
എഡിറ്റര്‍
ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസില്‍ സൈന
എഡിറ്റര്‍
Wednesday 13th June 2012 9:41am

ന്യൂദല്‍ഹി: ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ ജക്കാര്‍ത്തയില്‍ ഇന്നു തുടങ്ങുന്ന ഇന്തൊനീഷ്യന്‍ സൂപ്പര്‍ സീരിസില്‍ മല്‍സരിക്കും. തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടവുമായി ലണ്ടന്‍ ഒളിംപിക്‌സില്‍ ശക്തമായ സാന്നിധ്യമാവുമെന്നു തെളിയിച്ച സൈനയ്ക്ക് ഇന്നത്തെ മത്സരം പ്രതീക്ഷയേറുന്നുണ്ട്. ചൈനയില്‍ നിന്നുള്ള ശക്തരായ താരങ്ങളുമെത്തുന്ന ടൂര്‍ണമെന്റ് സൈനയ്ക്ക് കനത്ത വെല്ലുവിളിയാകും.

ആദ്യ റൗണ്ടില്‍ ജപ്പാന്റെ സയാക സാറ്റോയ്‌ക്കെതിരെയാണു സൈനയുടെ പോരാട്ടം. സാറ്റോയ്‌ക്കെതിരെ നാലു മല്‍സരങ്ങളില്‍ മൂന്നിലും വിജയം സൈനയ്ക്കായിരുന്നു. കഴിഞ്ഞ വര്‍ഷം കൊറിയന്‍ ഓപ്പണിലാണ് ഏക തോല്‍വി. ഈ കടമ്പ കടന്നാല്‍, യോഗ്യതാ റൗണ്ട് കടന്നെത്തിയ താരമാവും രണ്ടാം റൗണ്ടില്‍ എതിരാളി.

ബെയ്ജിങ് ഒളിംപിക്‌സില്‍ ക്വാര്‍ട്ടര്‍ വരെയെത്തിയ സൈന ഇത്തവണ ലണ്ടനില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളില്‍ പ്രധാന സ്ഥാനത്തുണ്ട്. ബാങ്കോക്കില്‍ സൈന ഈ സീസണിലെ രണ്ടാം കിരീടമാണ് സ്വന്തമാക്കിയത്.
എല്ലാ പ്രധാന ചൈനീസ് താരങ്ങളും മല്‍സരരംഗത്തുണ്ട്. കളിക്കുന്ന ദിവസത്തെ ആശ്രയിച്ചാവും മല്‍സരഫലം. വിജയത്തിനായി പരമാവധി ശ്രമിക്കുമെന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും സൈന വ്യക്തമാക്കി.

Advertisement