ബെയ്ജിങ്: മലയാളി താരം വി. ദിജുവും ജ്വാല ഗുട്ടയും ചേര്‍ന്ന സംഖ്യം ചൈന മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ മിക്‌സഡ് ഡബിള്‍സ് സെമിയില്‍ കടന്നു. മൂന്ന് സെറ്റ് നീണ്ട ആവേശകരമായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്‌കോട്ടിഷ-്ഇംഗ്ലീഷ് ജോഡിയെ തകര്‍ത്താണ് ഇന്ത്യന്‍ സംഖ്യം സെമിയിലേക്ക് മുന്നേറിയത്. അതേ സമയം വനിതാ സിംഗില്‍സില്‍ ഇന്ത്യയുടെ ലോക അഞ്ചാംനമ്പര്‍ താരം സൈന നേവാള്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി.

സ്‌കോട്ടിഷ്-ഇംഗ്ലീഷ് ജോഡിയായ റോബര്‍ട്ട് ബ്ലെയര്‍ഗ,ബ്രിയേല്‍ വൈറ്റ് ജോഡിക്കെതിരെ ആദ്യ സെറ്റ് അടിയറവ് വെച്ചതിന് ശേഷമായിരുന്നു ഇന്ത്യന്‍ ജോഡികളുടെ ജയം. നാല്‍പ്പത്തിയാറ് മിനിറ്റ് നീണ്ട മത്സരത്തില്‍ 17-21, 21-19, 21-9 എന്ന സ്‌കോറിനായിരുന്നു ദിജു-ജ്വാല സംഖ്യം എതിരാളികളെ തോല്‍പ്പിച്ചത്. സെമിയില്‍ ലോക 56-ാം ജോഡികളായ ഇന്ത്യന്‍ സംഖ്യം കൊറിയയുടെ യോന്‍ സിയോങ് യൂ, യെ നാ ജാങ് സംഖ്യത്തെ നേരിടും.

ലോക ഒന്നാംനമ്പര്‍ താരം ചൈനയുടെ വാങ് യിഹാനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. മുപ്പത്തിമൂന്ന മിനിറ്റ് മാത്രമെടുത്ത മത്സരത്തില്‍ 8-21, 12-21 എന്ന് സ്‌കോറിനായിരുന്നു വാങ് യിഹാന്‍ മത്സരം സ്വന്തമാക്കിയത്. കഴിഞ്ഞ മാസം നടന്ന ലോക ചാംപ്യന്‍ഷിപ്പിലും സൈന ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു.