ഗ്വാന്‍ഷു: ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ നിന്നും ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പുറത്തായി. ലോക മൂന്നാം സ്ഥാനക്കാരിയായ സൈന ഹോങ്കോംഗിന്റെ പുയി- ഇനിനോടാണ് ക്വാര്‍ട്ടറില്‍ തോറ്റത്. സ്‌കോര്‍ 8- 21, 21- 8, 19- 21.

ഹോങ്‌കോങ്ങിന്റെ ലോക പതിമൂന്നാം റാങ്കുകാരിയാണ് പുയി. തുടക്കം മുതല്‍ തന്നെ എതിരാളിക്ക് മേല്‍ വ്യക്തമായ മേല്‍ക്കൈ നേടാന്‍ സൈനക്ക് കഴിഞ്ഞു. നെറ്റ് ഗെയിമില്‍ മേല്‍ക്കൈയുള്ള എതിരാളിക്കെതിരെ ഡ്രോപ് ഷോട്ടുകള്‍ക്കും സ്മാഷുകള്‍ക്കും കാര്യമായൊന്നും സൈന മുതിര്‍ന്നില്ല. നെടുനീളന്‍ റാലികളായിരുന്നു സൈനയുടെ പ്രധാന ആശ്രയം. ഈ തന്ത്രത്തിനും കൃത്യതയ്ക്കും മുന്നില്‍ യിപ് തളര്‍ന്നതോടെ ഒന്നാം സെറ്റിന് പകരം വീട്ടുംമട്ടില്‍ ഫോട്ടോകോപ്പി സ്‌കോറില്‍ രണ്ടാം സെറ്റ് സൈന സ്വന്തമാക്കി.

നിര്‍ണായകമായ മൂന്നാം സെറ്റില്‍ സൈനയ്ക്ക് പിഴച്ചു. ഒരു തവണയല്ല, പല പ്രാവശ്യം. നിസാരമായ പിഴവുകള്‍ക്ക് സൈനക്ക് വലിയ വില കൊടുക്കേണ്ടി വന്നു.