എഡിറ്റര്‍
എഡിറ്റര്‍
തായ്‌ലന്‍ഡ് ഓപ്പണ്‍: സൈനയ്ക്ക് കിരീടം
എഡിറ്റര്‍
Monday 11th June 2012 9:27am

ബാങ്കോക്ക്: ഇന്ത്യയുടെ വനിതാ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ തായ്‌ലന്‍ഡ് ഓപ്പണ്‍ ഗ്രാന്‍പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ കിരീടം നേടി. ബാങ്കോക്കില്‍ നടന്ന ഫൈനലില്‍ ആതിഥേയ രാജ്യത്തിന്റെ റാച്ചനോക് ഇന്തണോണിനെതിരെ 19-21, 21-15, 21-10 എന്ന സ്‌കോറിനാണ് ലോക അഞ്ചാം നമ്പറും ടൂര്‍ണമെന്റിലെ ഒന്നാം സീഡുമായ സൈന ജയിച്ചത്.

ആദ്യ സെറ്റില്‍ റാച്ചനോക്കിന്റെ വേഗത്തിനും കോര്‍ട്ട് കവറേജിനും മുന്നില്‍ പതറിയെങ്കിലും അനുഭവ സമ്പത്തും പ്രതിഭാമികവുമായി അടുത്ത രണ്ടു സെറ്റുകളിലും തകര്‍പ്പന്‍ കളി കാഴ്ചവച്ച സൈന രണ്ടാം സീഡ് റാച്ചനോക്കിനെ അനായാസം മറികടക്കുകയായിരുന്നു. മാര്‍ച്ചില്‍ സ്വിസ് ഓപ്പണ്‍ കിരീടം നേടിയ സൈനയുടെ ഈ സീസണിലെ രണ്ടാം കിരീടമാണിത്.

ഈ കിരീട നേട്ടം ജൂലൈയില്‍ ആരംഭിക്കുന്ന ലണ്ടന്‍ ഒളിമ്പിക്‌സില്‍ സൈനയുടെ കരുത്ത് ഇരട്ടിയാക്കും. വാശിയേറിയ പോരാട്ടത്തില്‍ ഒന്നാം ഗെയിം സൈന കൈവിട്ടെങ്കിലും രണ്ടും മൂന്നും ഗെയിമുകളില്‍ ഇന്‍തനോണിനെ നിഷ്പ്രഭയാക്കിയാണു സൈന മുന്നേറിയത്.

കളിക്കിടെ സമ്മര്‍ദ്ദമില്ലാതിരിക്കാന്‍ ഏറെ നാളായി പരിശീലിച്ചിരുന്നു. അതുകൊണ്ട് തന്നെ അത് സാധ്യമായെന്ന് സൈന പറഞ്ഞു. സമ്മര്‍ദത്തില്‍ പെടാതെ കളിക്കാന്‍ പഠിച്ചതാണു കിരീട നേട്ടത്തിനു കാരണമായത്.

അടുത്തയാഴ്ച നടക്കുന്ന ഇന്തോനീഷ്യന്‍ സൂപ്പര്‍ സീരിസും മികവ് ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണു കരുതുന്നതെന്നും സൈന അഭിപ്രായപ്പെട്ടു.

Advertisement