ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ്. വാലില്ലാപുഴ അരിക്കുഴിക്കാട്ടില്‍ തറവാടുവീടിന്റെ മുമ്പിലൂടെ രണ്ടുമൂന്നു പേര്‍ മഞ്ഞവര മാര്‍ക്കുചെയ്തു പോകുന്നു. അമ്മാവന്‍ കാര്യമന്വേഷിച്ചപ്പോള്‍ ഗ്യാസ് പൈപ്പിടാനാണെന്നും പറഞ്ഞ് അവരങ്ങ് പോയി. വീടു പോകാന്‍ സാധ്യതയുണ്ടെന്ന് ഞങ്ങളന്ന് തമാശ പറയുമ്പോഴും മനസ്സിലെ ഗ്യാസ് പൈപ്പിന്റെ വലുപ്പം നമ്മുടെ ജലഅതോറിറ്റിയുടെ വീട്ടുകണക്ഷന്റെ പൈപ്പിന്റെ അത്രേ വന്നിരുന്നുള്ളൂ.

പിന്നീടാണ് വീടിനു പിറകിലെ പുളിയാപറമ്പ് കുന്നിന്‍ ചെരിവിലൂടെയാണ് പുതിയ ഗ്യാസ് പൈപ് ലൈന്‍ കടന്നുപോകുന്നെന്ന് അറിഞ്ഞത്. അപ്പോഴും മനസ്സിലെ പൈപ്പിന്റെ വലിപ്പത്തില്‍ വലിയ മാറ്റമൊന്നും വന്നില്ല. ഇപ്പോള്‍ കാര്യങ്ങള്‍ ഏകദേശം ബോധ്യപ്പെട്ടപ്പോള്‍ തൊട്ടടുത്ത പൈപ്പ് ലൈന്‍ വഴിയിലൂടെ ഒന്നു പോയി നോക്കി.

ഒരു സഖാവിന്റെ വീട്ടില്‍ ചെന്നു. കൂലിപ്പണിയാണ്. ആറര സെന്റ് വീട്. ചെറിയ വീടിന്റെ മുമ്പില്‍ മറ്റൊരു വീടുണ്ട്. ഈ രണ്ടുവീടുകള്‍ക്കും ഇടയില്‍ ഗെയില്‍ അടയാളമുണ്ട്. രണ്ടു വീടുകളും തമ്മിലുള്ള അകലം 14 മീറ്റര്‍. ഗെയില്‍ ഏറ്റെടുക്കുമെന്ന് പറയുന്നത് 20 മീറ്റര്‍. ഇതുവരെ ഒരു അറിയിപ്പൊ നോട്ടീസോ ലഭിച്ചിട്ടില്ല.


Read more:   ഗുജറാത്തില്‍ 3350 വി.വിപാറ്റുകളില്‍ അട്ടിമറി കണ്ടെത്തിയ സംഭവം: തെരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതി നോട്ടീസ്


പറമ്പൊഴിയണോ വീടൊഴിയണോ ഒന്നും ഇവര്‍ക്കറിയില്ല. പെണ്‍മക്കളുടെ കല്യാണമൊക്കെ കഴിഞ്ഞ് വീടുവിറ്റ് അവസാനം ഈ കുന്നിന്‍ മുകളില്‍ എത്തിപ്പെട്ടൊരു പാവം മനുഷ്യനുണ്ട് തൊട്ടപ്പുറത്ത്. ഗള്‍ഫിനു ശേഷം ഒരു ചെറിയ റബര്‍ തോട്ടത്തില്‍ പച്ചപിടിച്ചുവരികയായിരുന്ന മനുഷ്യനും. പിന്നേയും ചെറിയ ചെറിയ വീടുകള്‍. എല്ലാവരും ആശങ്കയിലല്ല, ഒരുതരം മരവിപ്പിലാണ്.

ഈ വിഷയത്തില്‍ ബോധ്യപ്പെടുത്തലുകളും ബോധവല്‍ക്കരണവും എന്തുകൊണ്ടുണ്ടാകുന്നില്ലെന്ന് ഒരു സംശയമുണ്ട്. നോട്ടീസോ അറിയിപ്പോ നല്‍കാതെ കയ്യേറി നടത്തേണ്ട ഒരു വികസനമാണോ ഇത് എന്നൊരു ചോദ്യമുണ്ട്.
നേരത്തെ ആ സഖാവ് പറഞ്ഞ പോലെ, ചില നാടകങ്ങളില്‍ നമ്മളറിയാതെ കഥാപാത്രമാവുകയാണ്. ആരൊക്കെയോ നിര്‍മിക്കുന്നു. ആരൊക്കെയോ സംവിധാനം ചെയ്യുന്നു. നമ്മളങ്ങനെ ആടുന്നു….