എഡിറ്റര്‍
എഡിറ്റര്‍
സെയ്ഫ് അലിഖാന്‍ നെഹ്‌റുവാകുന്നു?
എഡിറ്റര്‍
Thursday 21st June 2012 2:58pm

ബ്രിട്ടനില്‍ കഴിയുന്ന ഇന്ത്യന്‍ ഫിലിംമേക്കര്‍ ഗുരിന്ദര്‍ ചന്ത ഒരിക്കല്‍ കൂടി സംവിധായികയുടെ തൊപ്പിയണിയുന്നു. ഇന്ത്യാ വിഭജനം വിഷയമാക്കിയെടുക്കുന്ന ചിത്രമാണ് ഗുരിന്ദറിന്റെ മനസിലുള്ളത്. ചിത്രത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വേഷത്തില്‍ സെയ്ഫ് അലിഖാന്‍ പ്രത്യക്ഷപ്പെടുന്നുവെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

നസ്‌റുദ്ദീന്‍ ഷായാണ് മുഹമ്മദലി ജിന്നയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലോഡ് മൗണ്ട് ബാറ്റണാണ് പ്രധാന കഥാപാത്രം. ഹോളിവുഡ് താരങ്ങളായ കോലിന്‍ ഫേര്‍ത്ത്, മൈക്കല്‍ ഫാസ്‌ബെന്റര്‍ ഇവരിലാരെയെങ്കിലും മൗണ്ട് ബാറ്റണാകുമെന്നാണ് ചന്ത പറയുന്നത്.

ഈ ചിത്രം ചെയ്യുകയെന്നത് തന്നെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്ന് ഗുരിന്തര്‍ ചന്ത പറഞ്ഞു.  1947 ജനുവരിയിലേതു മുതല്‍ ആഗസ്റ്റ് വരെയുള്ള സംഭവങ്ങളാണ് ചിത്രം പറയുന്നത്. ചരിത്ര കഥയായതിനാല്‍ ഓരോ കാര്യവും കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. നിരവധി കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. നെഹ്‌റുവിന്റേത് ചെറിയൊരു റോളാണ്. അത് ചെയ്യാന്‍ സെയ്ഫ് അലിഖാന്‍ തയ്യാറാകുമോയെന്നാണ് താനിപ്പോള്‍ നോക്കുന്നത്- ചന്ത പറഞ്ഞു.

ഒക്ടോബറോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാകുമെന്നാണ് ചന്തയുടെ പ്രതീക്ഷ. ജ്യോത്സ്യന്റെ നിര്‍ദേശം പരിഗണിച്ചാണ് ഷൂട്ടിംഗ് ഒക്ടോബറിലേക്ക് നീട്ടിയത്.

ദല്‍ഹിയിലും ജോധ്പൂരിലും ചിത്രീകരിക്കാനാണ് തീരുമാനം. ഇന്ത്യയില്‍ രാഷ്ട്രപതി ഭവന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഷൂട്ടിംഗ് നടത്താനുള്ള അനുമതി തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ചന്ത വ്യക്തമാക്കി. പാക്കിസ്ഥാനില്‍ ഷൂട്ടിംഗ് നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

Advertisement