ട്രിപ്പോളി: കീഴടങ്ങാന്‍ തയ്യാറാണെന്ന് കൊല്ലപ്പെട്ട ലിബിയന്‍ മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്‌ലാം ഗദ്ദാഫി (39). പിതാവിന്റെ അവസ്ഥ വരാനുള്ള സാധ്യത ഒഴിവാക്കുകയാണെന്നും രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ കീഴടങ്ങാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു. കോടതിയില്‍ കീഴടങ്ങി നിയമം നേരിടാമെന്നും പിതാവിന്റെ അവസ്ഥ വരാനുള്ള സാഹചര്യം കഴിവതും ഒഴിവാക്കുകയാണെന്നും സെയ്്ഫ് അല്‍ ഇസ്‌ലാം അറിയിച്ചതായി ലിബിയയിലെ പുതിയ സര്‍ക്കാര്‍ വ്യക്തമാക്കി.

ഗദ്ദാഫിയുടെ പിന്‍ഗാമിയായി അറിയപ്പെട്ടിരുന്ന അല്‍ ഇസ്‌ലാമിന്റെ കീഴടങ്ങലോടെ നാലു ദശാബ്ദം നീണ്ട ഗദ്ദാഫി ഭരണത്തിന് എല്ലാ അര്‍ഥത്തിലും അന്ത്യമാകുകയാണ്. ലിബിയയ്ക്കു വേണ്ടി പോരാടി ഇവിടത്തെ മണ്ണില്‍ തന്നെ മരിക്കുമെന്നു നേരത്തെ ഒരു അഭിമുഖത്തില്‍ അല്‍ ഇസ്‌ലാം പറഞ്ഞിരുന്നു.

അതേസമയം, സെയ്ഫ് അല്‍ ഇസ്‌ലാം ഗദ്ദാഫിയുടെ കീഴടങ്ങല്‍ സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് രാജ്യാന്തര ക്രിമിനല്‍ കോടതി അറിയിച്ചു. ലിബിയയിലെ ദേശീയ പരിവര്‍ത്തിത സമിതിയുമായി ബന്ധപ്പെട്ട് ഇക്കാര്യം ഉടന്‍ സ്ഥിരീകരിക്കുമെന്നും ഐ.സി.സി വക്താവ് ഫാദി എല്‍ അബ്ദല്ല പറഞ്ഞു.

malayalam news