പുട്ടപര്‍ത്തി: ബാബയുടെ മരണ ശേഷവും വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. അനന്തരാവകാശിയെച്ചൊല്ലി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെയാണ് അടുത്ത വിവാദത്തിന് തിരിതെളിഞ്ഞിരിക്കുന്നത്. ഏപ്രില്‍ 24ന് മരിച്ച ബാബയ്ക്ക് ഏപ്രില്‍ 4ന് തന്നെ മൃതദേഹം സൂക്ഷിക്കുന്നതിന് ശീതികരണിക്ക് ഏല്‍പിച്ചിരുന്നുവെന്നാണ് പുതിയ വാര്‍ത്ത.

Subscribe Us:

മാര്‍ച്ച് 28 നു അഡ്മിറ്റുചെയ്യപ്പെട്ട ബാബയുടെ നില ഏപ്രില്‍ 15 നു ശേഷമാണ് കൂടുതല്‍ വഷളാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എങ്കില്‍പ്പിന്നെ ശീതീകരണി നേരത്തെ തന്നെ ഓര്‍ഡര്‍ ചെയ്തത് എന്തിനെന്ന ചോദ്യമാണ് അവശേഷിക്കുന്നത്. ഇത് ബാബയുടെ മരണദിവസത്തിന്റെ കാര്യത്തില്‍ സംശയങ്ങളുണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന ശീതീകരണി മുന്‍കൂറായി ഓര്‍ഡര്‍ ചെയ്യുന്നത് സാധാരണമാണെന്നാണ് ട്രസ്റ്റിലെ അംഗങ്ങളുടെയും ജില്ലാഭരണകൂടത്തിന്റെയും വാദം.

ബാംഗ്ലൂരിലുള്ള രാജേന്ദ്രനാഥ് റെഡ്ഡി വഴി കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള കുമാര്‍ ആന്റ് കമ്പനി ഇന്റര്‍നാഷണലിന് 57000 രൂപയുടെ ചെക്ക് ഏപ്രില്‍ 4 ന് അഡ്വാന്‍സായി കൊടുത്തിരുന്നു. 1.07 ലക്ഷം രൂപയാണ് ഈ ഫ്രീസറിന്റെ വില. ഏപ്രില്‍ 5 ന് പെട്ടി പുട്ടപര്‍ത്തിയിലെത്തിച്ചിട്ടുണ്ടെന്ന് കമ്പനിയിലെ തൊഴിലാളികളിലൊരാളായ വിശ്വനാഥ് പറയുന്നു. എന്നാല്‍ ഫ്രീസര്‍ ബാബയ്ക്കുള്ളതാണെന്ന് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് കമ്പനിയുടെ ഉടമ ലക്ഷ്മി പറയുന്നു. ട്രസ്റ്റും രാജേന്ദ്രറെഡ്ഡിയും തമ്മിലുള്ള ബന്ധം വ്യക്തമല്ലെങ്കിലും ഫ്രീസര്‍ ഓര്‍ഡര്‍ചെയ്തതില്‍ ട്രസ്റ്റിനും പങ്കുണ്ടന്നാണ് സൂചന. അതേസമയം പെട്ടി ഓര്‍ഡര്‍ചെയ്തതിനെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് ആനന്ദ്പുര്‍ ജില്ലാ കളക്ടറും, ട്രസ്റ്റിലെ ചിലയംഗങ്ങളും വ്യക്തമാക്കി.