നടിമാരും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള പ്രണയ കഥകള്‍ക്ക് ഒരിക്കലും അന്ത്യമില്ല. ഈ കഥകളൊന്നും വിവാഹത്തിലെത്തിച്ചേരാറുണ്ടായിരുന്നില്ല. എന്നാല്‍ ക്രിക്കറ്റ് താരം സഹീര്‍ഖാന്റെ കാര്യത്തില്‍ ഈ കഥ യാഥാര്‍ത്ഥ്യമാകുന്നു.

സഹീര്‍ ഖാനും ബോളിവുഡ് നടി ഇഷാ ഷെര്‍വാണിയും ഉടന്‍വിവാഹിതരാവുന്നുവെന്നാണ് പുതിയ വാര്‍ത്ത. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്ന് മുംബയ് മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് പിരിഞ്ഞിരുന്നു.

Subscribe Us:

2005മുതലാണ് സഹീര്‍ ഇഷ പ്രണയകഥ മാധ്യമങ്ങള്‍ ആഘോഷിക്കാന്‍ തുടങ്ങിയത്. ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ പര്യടനത്തിന് ശേഷം നടത്തിയ നൃത്തപരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ഇരുവരും ആദ്യമായി പരസ്പരം കണ്ടത്. പിന്നീട് പല പാര്‍ട്ടികളും ഒരുമിച്ച് പങ്കെടുത്തിരുന്നു ഇവര്‍. അങ്ങനെ വളര്‍ന്ന ബന്ധം പ്രണയത്തിന് വഴി മാറുകയായിരുന്നു.

എന്നാല്‍ 2007ല്‍ മാധ്യമങ്ങളെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് തങ്ങള്‍ പിരിയുകയാണെന്ന് ഇവര്‍ പ്രഖ്യാപിച്ചു. എന്നാല്‍ പൊട്ടിപ്പോയ ആ സ്‌നേഹം കഴിഞ്ഞ ജൂലായ് മുതല്‍ വീണ്ടും തളിര്‍ത്തു എന്നാണ് കേള്‍ക്കുന്നത്. അടുത്തിടെ ഇഷ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിരുന്നു.

2007ല്‍ തന്നെ സഹീറിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തിന് വധുവിനെ തേടിയിറങ്ങിയെങ്കിലും 2011ലെ ലോകകപ്പ് ക്രിക്കറ്റ് കഴിയട്ടെ എന്ന നിലപാടില്‍ താരം ഉറച്ചുനില്‍കുകയായിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയതോടെ സഹീറിന്റെ മാതാപിതാക്കള്‍ മകനെ കെട്ടിക്കുന്നതിനുവേണ്ടിയുള്ള ശ്രമത്തിലാണ്. അതിനിടെയാണ് ഈ വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നത്.