മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും സഹാറ ഗ്രൂപ്പ് പിന്‍മാറി. യുവരാജ് സിങ്ങിന്റെ പകരക്കാരനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐയുമായി ഉണ്ടായ തര്‍ക്കങ്ങളാണ് സഹാറയുടെ പിന്മാറ്റത്തിന് കാരണമായെതെന്നാണ് സൂചന.

ഐ.പി.എല്ലില്‍ പൂനെ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ബി.സി.സിഐക്ക് കീഴിലുള്ള എല്ലാ ക്രിക്കറ്റ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്മാറുന്നതായാണ് സഹാറ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.

ഐ.പി.എല്‍ ലേലം ഇന്ന് നടക്കാനിരിക്കെ സഹാറയുടെ ഈ പിന്‍മാറ്റം തിരിച്ചടിയായിരിക്കുകയാണ്. ബി.സി.സി.ഐ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതും പിന്മാറ്റത്തിന് കാരണമായെന്ന് പ്രസ്താവനയില്‍ പറയുന്നു.

ദീര്‍ഘനാളായി ബി.സി.സിഐയുമായി തുടരുന്ന അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പിന്മാറ്റമെന്നും റിപ്പോര്‍ട്ടുണ്ട്. 20 സ്‌പോര്‍ട്‌സ് പ്രമോഷന്‍ സെന്ററുകളില്‍ പുതുതായി സഹാറ ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്ന് എം.ഡി സുശാന്താ റോയി ബാംഗളൂരില്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

2001 മുതല്‍ ബി.സി.സിഐയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ പ്രധാന പങ്കാണ് സഹാറ വഹിച്ചിരുന്നത്.ബി.സി.സി.ഐയുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ 2010 ല്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് 400 കോടി ചിലവഴിച്ച് കരാര്‍ നാലു വര്‍ഷത്തേക്കുകൂടി നീട്ടിയിരുന്നു.

സഹാറയുമായുമായുള്ള കരാര്‍ ബി.സി.സി.ഐ വീണ്ടും പുതുക്കാനിരിക്കേയാണ് ഈ പിന്മാറ്റം. ക്രിക്കറ്റ് സ്‌പോണ്‍സര്‍ഷിപ്പില്‍നിന്ന് പിന്മാറി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് സഹാറയുടെ തീരുമാനം.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തുടര്‍ച്ചയായ തോല്‍വി തുടരുന്നതിനിടെ സഹാറ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയത് ബി.സി.സി.ഐക്ക് തിരിച്ചടിയായിരിക്കുകയാണ്.

സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും സഹാറ പിന്‍മാറിയ സാഹചര്യത്തില്‍ പുതിയ സ്‌പോണ്‍സറെ കണ്ടെത്തുകയെന്നത് ബി.സി.സി.ഐക്ക് എളുപ്പമാകില്ല.

Malayalam News

Kerala News In English