ന്യൂദല്‍ഹി: വിജയ് മല്യയുടെ ഉടമസ്തതയിലുള്ള ഫോര്‍മുല വണ്‍ റേസ് ടീം ഫോഴ്‌സ് ഇന്ത്യയുടെ 42.5 ശതമാനം ഓഹരി സഹാറ ഗ്രൂപ്പ് സ്വന്തമാക്കി. പത്തു കോടി യുഎസ് ഡോളറിനാണ് സഹായ ഫോഴ്‌സ് വണ്ണില്‍ തുല്യ പങ്കാളിത്തം നേടിയത്. ആദ്യ ഉടമയായ വിജയ് മല്യയുടെ യുബി ഗ്രൂപ്പിനും 42.5 ശതമാനം ഓഹരികളാണുള്ളത്. ശേഷിച്ച 15 ശതമാനം ഓഹരി ടീം ഡയറക്ടറും ഡച്ച് ബിസിനസ്സുകാരനുമായ മാക്കിള്‍ മോളിന്റെ കുടുംബത്തിനാണ്.

പ്രഥമ ഇന്ത്യന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരം 30 നു നടക്കാനിരിക്കെയാണു , ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ഏക ടീമായ ഫോഴ്‌സ് ഇന്ത്യയുടെ ഓഹരികള്‍ സുബത്രോ റോയുടെ ഉടമസ്തതയിലുള്ള സഹാറ ഗ്രൂപ്പ് സ്വന്തമാക്കിയത്. ഇതോടെ ടീമിന്റെ പേര് സഹാറ ഫോഴ്‌സ് ഇന്ത്യ എന്നായി മാറും. ടീം പ്രിന്‍സിപ്പലും മാനേജിങ് ഡയറക്ടറുമായി വിജയ് മല്യ തുടരും. സുബ്രതോ റോയ് ചെയര്‍മാനാവും.

Subscribe Us:

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഉടമകള്‍ കൂടിയാണ് യു.ബി. ഗ്രൂപ്പ്. പുനെ വാറിയേഴ്‌സ് ടീം ഉടമകളാണ് സഹാറ.2007 ലാണ് സ്‌പൈകര്‍ ഫെരാരി എഫ്. വണ്‍ ടീമിനെ ഒന്‍പതു കോടി യോറോയ്ക്ക് മല്യ വാങ്ങുന്നത്. ഫോഴ്‌സ് ഇന്ത്യ എന്നു നാമകരണം ചെയ്ത ടീം 2008 സീസണില്‍ ട്രാക്കിലിറങ്ങി. നിലവിലെ സീസണില്‍ 48പോയന്റുമായി ഫോഴ്‌സ് ഇന്ത്യ ആറാംസ്ഥാനത്താണ്. അഞ്ചാം സ്ഥാനത്തുള്ള റെയ്‌നോയുമായി 24 പോയിന്റ് വ്യത്യാസമാണ് ഇന്ത്യന്‍ ടീമിനുള്ളത്. നാല് റേസുകള്‍ ബാക്കി നില്‍ക്കെ അവസാന കുതിപ്പില്‍ റെനോയെ മറികടന്ന് അഞ്ചിലെത്താമെന്ന് പ്രതീക്ഷയിലാണ് ടീം അധികൃതര്‍.

30 നു ഗ്രേറ്റര്‍ നോയ്ഡയിലെ ബുദ്ധ് രാജ്യാന്തര സര്‍ക്യൂട്ടിലാണ് പ്രഥമ ഇന്ത്യന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരംനടക്കുന്നത്. ഇന്ത്യ ഫോര്‍മുല 1 സ്ഥിരം വേദിയാകാനും സാധ്യതയുണ്ട്. ഇന്ത്യന്‍ ഗ്രാന്‍പ്രീ കൂടാതെ വരുന്ന ഞായറാഴ്ച നടക്കുന്ന കൊറിയന്‍ ഗ്രാന്‍പ്രീ, അബുദാബി ഗ്രാന്‍ പ്രീ, നവംബര്‍ 27 നു നടക്കുന്ന ബ്രസീല്‍ ഗ്രാന്‍പ്രീ എന്നിവയാണു ശേഷിക്കുന്ന കാറോട്ട മത്സരങ്ങള്‍.