ചെന്നൈ: സ്‌പോണ്‍സര്‍ഷിപ്പ് പ്രശ്‌നം പരിഹരിക്കാനായി സഹാറ ഗ്രൂപ്പും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും ഇന്നു നടത്തിയ ചര്‍ച്ചയിലും പരിഹാരമായില്ല. ഐ.പി.എല്ലില്‍ പുണെ വാരിയേഴ്‌സിന്റെ യുവരാജിനു പകരക്കാരനെ എടുക്കണമെന്ന സഹാറയുടെ ആവശ്യം ബി.സി.സി.ഐ പരിഗണിച്ചില്ല. എന്നാല്‍ പുണെ വാരിയേഴ്‌സ് ഉടമകളായ സഹാറക്ക് ടീം നടത്തിപ്പിന് പാര്‍ട്ടണറെ വേണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ബി.സി.സി.ഐ ഉറപ്പു നല്‍കിയിട്ടുണ്ട്.

പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ അധ്യക്ഷതയിലായിരുന്നു യോഗം. അടുത്തമാസം നാലിനകം പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് നിലപാടിലാണ് ബി.സി.സി.ഐ.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായുള്ള കരാര്‍ പിന്‍വലിക്കാന്‍ നേരത്തേ സഹാറ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ഐ.പി.എല്ലിലെ സഹാറയുടെ ഉടമസ്ഥതയിലുള്ള പൂനെ വാരിയേഴ്‌സ് ടീമിനെ ഈ സീസണില്‍ ഇറക്കില്ലെന്നും ഉടമകള്‍ തീരുമാനിച്ചിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് കരാറുമായുള്ള എല്ലാ വിഷയവും വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കണം എന്ന ആവശ്യം ഇരുകൂട്ടരും സമ്മതിച്ചതോടെയാണ് ചര്‍ച്ചക്ക് വഴിതുറന്നത്. ഇന്ത്യന്‍ ടീമുമായുള്ള കരാര്‍ കാലാവധി അവസാനിക്കാനിരിക്കെ പെട്ടെന്ന് പിന്‍മാറുന്നതിനു പകരം കാലാവധി കഴിയുന്നതുവരെ തുടരാനുള്ള ആവശ്യമാണ് ബി.സി.സി.ഐ മുന്നോട്ട് വെക്കുന്നത്.

സഹാറ ഗ്രൂപ്പിന് ബി.സി.സി.ഐ വേണ്ട പരിഗണന നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സഹാറ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ റദ്ദാക്കിയത്. സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രതാ റായ്, ബി.സി.സി.ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍, സെക്രടട്ടറി സജ്ജയ്, ട്രഷറര്‍ അജയ് ഷിര്‍കെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇന്നലെയും ഇരുകൂട്ടരും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇന്നലത്തെ ചര്‍ച്ചയിലെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഇരുകൂട്ടരും തയ്യാറായിരുന്നില്ല.

Malayalam News

Kerala News In English