സ്ത്രീസംരക്ഷണത്തിനായും അശ്ലീലതക്കെതിരേയും പടപൊരുതുന്ന വനിതാസംഘടനകള്‍ക്ക് ‘കൂസാറ്റില്‍ ‘ നിന്നൊരു സന്തോഷവാര്‍ത്ത. സ്ത്രീശരീരത്തെ പ്രദര്‍ശനവസ്തുവാക്കാന്‍ സമ്മതിക്കില്ലെന്ന് ‘ഉദ്‌ഘോഷിച്ച്’ കൂസാറ്റിലെ വനിതാജീവനക്കാരുടെ സംഘടന സാഗരകന്യയുടെ മുലയും മാറും വെട്ടിമാറ്റി.

പുല്ലില്‍ തീര്‍ത്ത സാഗരകന്യക ലൈംഗിക ആരാജകത്വം സൃഷ്ടിക്കുന്നു എന്നാരോപിച്ചാണ് ശൂര്‍പ്പണഖാ വധം നടപ്പാക്കിയയ്ത. ഒരു ചോദ്യംമാത്രം അവശേഷിക്കുന്നു, ആര്‍ക്കാണ് ലൈംഗിക അരാജകത്വം ബാധിച്ചിരിക്കുന്നത്? സാഗരകന്യകയ്‌ക്കോ അതോ വനിതാസംഘടന പ്രവര്‍ത്തകര്‍ക്കോ?

രണ്ടു പതിറ്റാണ്ടായി സാഗരകന്യ കൂസാറ്റിന്റെ മുറ്റത്തുണ്ടായിരുന്നു. ഇതുവരെയാര്‍ക്കും സാഗരകന്യകയെ ദര്‍ശിച്ച് ലൈംഗിക അരാജകത്വം ബാധിച്ചതായി റിപ്പോര്‍ട്ടില്ല. ഇപ്പോഴാണ് ചില സ്ത്രീസ്വാതന്ത്ര്യപ്രവര്‍ത്തകര്‍ക്ക് ബോധോദയമുണ്ടായത്. ശില്‍പം സ്ത്രീത്വത്തെ അപമാനിക്കുന്നതല്ലെ? ഇതിനെതിരേ ശബ്ദമുയര്‍ത്തേണ്ടേ?

ഉടന്‍ തന്നെ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ക്ക് പരാതിയെത്തി. തുടര്‍ന്ന് സാഗരകന്യകയുടെ സ്ത്രീത്വം സംരക്ഷിക്കാനായി ചുറ്റും പന നട്ടു. എന്നിട്ടും മതിയാകാഞ്ഞിട്ട് ഒടുവില്‍ മുലയും മാറും അറുത്തുമാറ്റി. ഇതോടെ സ്ത്രീസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുകയും ലൈംഗികഅരാജകത്വം എന്നെന്നേക്കുമായി അവസാനിക്കുകയും ചെയ്തു!

സാക്ഷരതയില്‍ മുന്നിട്ടുനില്‍ക്കുന്ന, രാഷട്രീയ-സാംസ്‌കാരികാവബോധം അത്യുന്നതിയില്‍ നില്‍ക്കുന്നു എന്ന് നമ്മള്‍ അവകാശപ്പെടുന്ന കേരളത്തിലാണ് ഈ അതിക്രമം നടന്നിരിക്കുന്നത്. തോട്ടക്കാരന്‍ പുല്ല് വെട്ടിയൊതുക്കി തീര്‍ത്ത അചേതനമായ ഒരുവസ്തു എങ്ങിനെയാണ് ലൈംഗിക അതിപ്രസരം സൃഷ്ടിക്കുക? കേരളത്തില്‍ തന്നെ പലയിടത്തും ഇത്തരം ശില്‍പ്പങ്ങള്‍ ഉണ്ട്. ഇവയെല്ലാം കീറിമുറിക്കാനാണോ വിനിതാശാക്തീകരണ പ്രവര്‍ത്തകരുടെ ലക്ഷ്യം?

ഡോ കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞതാണ് വാസ്തവം. ‘സംസ്‌കാരിക താലിബാനിസ’ മാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. അഫ്ഗാന്‍ മലനിരകളിലെ ബുദ്ധപ്രതിമകള്‍ തകര്‍ത്തതിനോടും ബാംഗ്ലൂരിലെ പബ്ബിലെ കമിതാക്കള്‍ക്കുനേരെ ശ്രീരാം സേനയുടെ ‘സൈനികര്‍’ നടത്തിയ ആക്രമണത്തോടും കൂട്ടിവായിക്കാന്‍ കഴിയുന്ന നടപടിയാണിത്.

ഇതിനിടെ സാഗരകന്യകയോട് കാണിച്ച അനീതിക്കെതിരേ സാമൂഹ്യ-സാഹിത്യ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും നമ്മുടെ ‘പ്രവര്‍ത്തകരെ’ തെല്ലുംബാധിച്ചിട്ടില്ല. എന്തായാലും കൂസാറ്റിലെ വനിതാസംഘടനകളുടെ പാത പിന്തുടര്‍ന്ന് ഇനിയും വനിതാസംഘടനകള്‍ വനിതാവിമോചനത്തിനായും ലൈംഗിക അരാജകത്വ പ്രവണതകള്‍ക്കെതിരേയും ഘോര-ഘോരം പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം!