Categories

ഹോട്ടലില്‍ ഒളി ക്യാമറ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: സാഗര്‍ ഹോട്ടലില്‍ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ ഒളി ക്യാമറ വെച്ചതിനെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വടക്കന്‍ മേഖലയിലെ എ ഡി ജി പി യോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. മാവൂര്‍ റോഡ് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിനു സമീപം സാഗര്‍ ഹോട്ടലിലാണു സ്ത്രീകളുടെ ടോയ്‌ലറ്റില്‍ മൊബൈല്‍ ക്യാമറ ഒളിച്ചുവച്ചു ചിത്രീകരണം നടത്തിയത്.

ഇന്നലെ വൈകിട്ടു മൂന്നോടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കെ എം സി ടി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളി ലൊരാളായ പെണ്‍കുട്ടിയാണ് മൊബൈല്‍ ഫോണ്‍ ക്യാമറ ഒളിച്ചുവച്ചതു കണ്ടത്. ക്യാമറ ഓണ്‍ ചെയ്ത നിലയിലായിരുന്നു.

പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ എടുത്തു കൂടെയുള്ളവരെ കാണിച്ചു. ഉടനെ ബന്ധു നടക്കാവ് പാറക്കാട്ട് കളിത്തറ രാഹുലിനെ ഹോട്ടലില്‍ വിളിച്ചുവരുത്തി. ഹോട്ടലുകാരുമായി സംസാരിക്കുന്നതിനിടയില്‍ നടക്കാവ് പൊലീസ് സ്ഥലത്തെത്തി ക്യാമറ ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി സിറ്റി പൊലീസ് കമ്മിഷണര്‍ക്കേ ക്യാമറ കൈമാറൂ എന്നു ശഠിച്ചു. ഇതിനിടയില്‍ ‘അശ്ലീല ചിത്രം പകര്‍ത്തിയത് നീയല്ലേടാ’ എന്നു ചോദിച്ച് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ തന്നെ മുന്‍പിലിട്ട് പൊലീസ് രാഹുലിനെ വിവസ്ത്രനാക്കി മര്‍ദ്ദിക്കുകയായിരുന്നു.

ക്യമറ വെച്ച ഹോട്ടല്‍ ജീവനക്കാര്‍ പൊലീസ് സംരക്ഷണത്തോടെ മര്‍ദ്ദനത്തിന് സാക്ഷികളായി നിന്നു. തുടര്‍ന്നു രാഹുലിനെ നടക്കാവ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയും മര്‍ദിച്ചു. മര്‍ദനത്തില്‍ രാഹുലിന്റെ ചെവിക്കു ഗുരുതരമായ പരുക്കേറ്റു. മര്‍ദനത്തില്‍ ചെവി തകര്‍ന്നു കേഴ്‌വി നഷ്ടപ്പെട്ട രാഹുലിനെ ആദ്യം ബീച്ച് ആശുപത്രിയില്‍ എത്തിച്ചു. പരുക്കു ഗുരുതരമെന്നു കണ്ടതിനെ തുടര്‍ന്നു പിന്നീട് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. എസ് ഐ സുനില്‍ മര്‍ദിച്ചതായാണു പരാതി.

പിന്നീട് സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്രീജിത്തിനെ ഓഫിസില്‍ പോയി കണ്ടു പെണ്‍കുട്ടി പരാതി പറയുകയും മൊബൈല്‍ ഫോണ്‍ കൈമാറുകയും ചെയ്യുകയായിരുന്നു. കമ്മിഷണര്‍ പരിശോധിച്ചതില്‍ ഫോണില്‍ ഒരു മണിക്കൂര്‍ 38 മിനിറ്റ് നേരം ടോയ്‌ലറ്റ് രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതായി കണ്ടെത്തി. ഹോട്ടല്‍ ജീവനക്കാരനായ അഖില്‍ ജോസിനെ അറസ്റ്റ് ചെയ്യാനും ഫോണ്‍ കസ്റ്റഡിയിലെടുക്കാനും കമ്മീഷണര്‍ നടക്കാവ് പൊലീസിനു നിര്‍ദേശം നല്‍കി. ഫോണ്‍ പിന്നീട് സൈബര്‍ സെല്ലിനു കൈമാറി. സംഭവത്തില്‍ അറസ്റ്റിലായ അഖില്‍ പത്തു മാസമായി സാഗര്‍ ഹോട്ടലില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം. അതിനിടയില്‍ എത്ര തവണ ചിത്രീകരണം നടത്തിയെന്നു വ്യക്തമായിട്ടില്ല.

വിവിധ സംഘടനകള്‍ ഹോട്ടലിലേക്കു മാര്‍ച്ച് നടത്തി. പ്രതിഷേധക്കാരെയും ആള്‍ക്കൂട്ടത്തെയും പിരിച്ചുവിടാന്‍ പൊലീസിന്റെ ലാത്തിച്ചാര്‍ജുമുണ്ടായി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.