ന്യൂദല്‍ഹി: ജനസംസ്‌കൃതിയുടെ ഏഴാമത് സഫ്ദര്‍ ഹാശ്മി അഖിലേന്തായ നാടക പുരസ്‌കാരം പ്രശസ്ത നാടകകൃത്തായ ശ്രീജിത് പൊയില്‍കാവിന്. ‘എന്‍.എച്ച് 77 ദുരന്തത്തിലേക്ക് ഒരു പാത’ എന്ന അദ്ദേഹത്തിന്റെ നാടകമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

പ്രഫസര്‍ ഓംചേരി എന്‍.എന്‍ പിള്ള, ഡോ സാംകുട്ടി പട്ടംകരി, ജോ മാത്യു എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

കോഴിക്കോട് പോയില്‍കാവ് സ്വദേശിയാണ് ശ്രീജിത്. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശ്രീജിത് നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

രണ്ട് തവണ രചനയ്ക്കും, സംവിധാനത്തിനുമുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നാടക മത്സരമായി കണക്കാക്കുന്ന അബുദാബി ഭരത് മുരളി നാടക മത്സരത്തില്‍ മികച്ച സംവിധായകനായി ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇരുപതോളം നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കേരള സംഗീത നടാക അക്കാദമി സംഘടിപ്പിച്ച പ്രവാസി മലയാളി അമച്വര്‍ നാടക മത്സരത്തില്‍ ശ്രീജിത്തിന്റെ ‘ദ്വയം’ എന്ന നാടകം മികച്ച രചനയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.