എഡിറ്റര്‍
എഡിറ്റര്‍
സദ്ഗുരു നിര്‍മ്മിച്ച് മോദി ഉദ്ഘാടനം ചെയ്ത ശിവന്റെ പ്രതിമ നിര്‍മ്മിച്ചത് നിയമംലംഘിച്ചെന്ന് തമിഴ്‌നാട് സര്‍ക്കാര്‍: പ്രതിമ പൊളിക്കണമെന്നും സര്‍ക്കാര്‍
എഡിറ്റര്‍
Saturday 4th March 2017 1:19pm

ചെന്നൈ: സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷന്‍ നിര്‍മ്മിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ശിവന്റെ പ്രതിമ നിര്‍മ്മിച്ചത് നിയമം ലംഘിച്ചാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. അതുകൊണ്ടുതന്നെ പ്രതിമ തകര്‍ക്കപ്പെടേണ്ടതാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കയ്യേറ്റ ഭൂമിയില്‍ നിര്‍മ്മിച്ച ഈ പ്രതിമ തകര്‍ത്ത് ഭൂമി തിരിച്ചുപിടിച്ച് പ്രദേശവാസികള്‍ക്ക് മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും കോടതിയെ സമീപിച്ചിട്ടുണ്ട്.

സദ്ഗുരു സ്ഥാപിച്ച ഇഷ യോഗ സെന്ററാണ് 112 അടിയുള്ള ശിവ പ്രതിമ സ്ഥാപിച്ചത്. ഫെബ്രുവരി 24ന് മഹാശിവരാത്രി ആഘോഷവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിമ അനാഛാദനം ചെയ്തത്.

പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികളും സാമൂഹിക പ്രവര്‍ത്തകരും നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധങ്ങളെ വകവെയ്ക്കാതെയായിരുന്നു ഉദ്ഘാടനം നടന്നത്.


Also Read: ‘ആദായനികുതി നോട്ടീസുകളൊന്നും കാര്യമാക്കേണ്ട; ഒരു തുടര്‍നടപടിയുമുണ്ടാവില്ല’: ബി.ജെ.പിക്ക് വോട്ടു ചെയ്യാന്‍ വ്യാപാരികള്‍ക്ക് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഉറപ്പ്


നിയമവിരുദ്ധമായി കയ്യടക്കിയ ഭൂമിയിലാണ് പ്രതിമ പണിതതെന്നും പ്രതിമയുടെ നിര്‍മാണം ഈ മേഖലയിലെ ആവാസവ്യവസ്ഥയ്ക്ക് വലിയകോട്ടങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിയമവിരുദ്ധമായ നിര്‍മ്മിച്ച ഒരു പ്രതിമ ഉദ്ഘാടനം ചെയ്യാന്‍ അല്ലെങ്കില്‍ ഒരു മതപരമായ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രിയെത്തിയതിനെ ചോദ്യം ചെയ്തും പലരും രംഗത്തെത്തിയിരുന്നു.

പ്രതിമയ്‌ക്കെതിരെ ഫെബ്രുവരി 17ന് വെല്ലിങ്കിരി ഹില്‍ ട്രൈബല്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിയമാനുസൃതമായ അനുമതിയില്ലാതെയാണ് 112 അടിയുള്ള ശിവന്റെ പ്രതിമയും സമീപത്തു ചില കെട്ടിടങ്ങളും നിര്‍മ്മിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഹര്‍ജി നല്‍കിയത്.

ഈ പ്രതിമയുടെ നിര്‍മാണം പ്രദേശവാസികളായ ആദിവാസികളുടെയും വെല്യാന്‍ഗിരി ഹില്‍സിലെ ആനകളുടെയും ജീവിതത്തെയാണ് തകര്‍ക്കുകയെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നിയമാനുസൃതമായാണ് പ്രതിമ നിര്‍മ്മിച്ചതെന്നുമായിരുന്നു ഇതിനു ഇഷ ഫൗണ്ടേഷന്‍ നല്‍കിയ വിശദീകരണം.

എന്നാല്‍ ഇഷ ഫൗണ്ടേഷന്‍ അനുമതി വാങ്ങാതെയാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് കോയമ്പത്തൂര്‍ മേഖലയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിങ് കോടതിയെ രേഖാമൂലം അറിയിച്ചത്.

Advertisement