ചെന്നൈ: മുന്‍ ടെലികോം മന്ത്രി എ.രാജയുടെ കൂട്ടാളിയായ സാദിഖ് ബാഷുടെ ഡ്രൈവര്‍ കഴിഞ്ഞ ആഗസ്റ്റില്‍ കാറില്‍ നിന്ന് ആറ് കോടി രൂപയുമായി മുങ്ങിയതായി ബാഷയുടെ ഭാര്യ റേഹ ഭാനു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ മൊഴി നല്‍കി. പണം നഷ്ടപ്പെട്ടശേഷം ബാഷ വളരെ അസ്വസ്ഥനായി കണപ്പെട്ടുവെന്നും റേഹ പറയുന്നു. എന്നാല്‍ പൊലീസില്‍ പരാതി നല്‍കുന്നില്ല എന്ന് ബാഷ തീരുമാനിച്ചതായും റേഹ മൊഴി നല്‍കി.

ടൂ ജി സ്‌പെക്ട്രം കേസില്‍ ആരോപണവിധേയനയാ രാജയുടെ അടുത്ത കൂട്ടാളിയായ ബാഷയെ മാര്‍ച്ച് 16ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ബാഷ സുബ്രഹ്മണ്യന്‍ എന്ന സുഹൃത്തിനോട് ഒരു ദിവസം 40 തവണ ഫോണില്‍ സംസാരിച്ചിരുന്നതായും റേഹ വെളിപ്പെടുത്തി.

എ.രാജ നടത്തിയ ഇടപാടുകളുടെ മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ചിരുന്നത് ഗ്രീന്‍ഹൗസും സാദിഖ് ബാഷയുമായിരുന്നു. സ്‌പെക്ട്രം കേസില്‍ അറസ്റ്റിലായ ഷഹീദ് ബല്‍വയാണ് ബാഷയെ രാജയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്.