മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 2003ലെ ലോകകപ്പില്‍ ഉപയോഗിച്ച ജേഴ്‌സി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് കൈമാറി. ഗുജറാത്ത് സര്‍ക്കാറിന്റെ ‘ സേവ് ഗേള്‍ ചൈല്‍ഡ്’ പദ്ധതിയിലേക്കാണ് സച്ചിന്‍ ജേഴ്‌സി നല്‍കിയിരിക്കുന്നത്.

ജേഴ്‌സി ലേലംചെയ്ത് ലഭിക്കുന്ന തുക സര്‍ക്കാറിന്റെ പദ്ധതിക്കായി വിനിയോഗിക്കാനാണ് തീരുമാനം. സച്ചിന്റെ പേരെഴുതിയ പത്താംനമ്പറിന്റെ നീല ജേഴ്‌സി അടുത്ത സുഹൃത്ത്കൂടിയായ അതുല്‍ ബെഡാഡെയാണ് മോഡിക്ക് നല്‍കിയത്.

ഗുജറാത്ത് സര്‍ക്കാറിന്റെ പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ളതുകൊണ്ടാണ് സച്ചിന്‍ ജെഴ്‌സി കൈമാറിയതെന്ന് അതുല്‍ പറഞ്ഞു. തനിക്ക് ലഭിക്കുന്ന സമ്മാനങ്ങളും ഉപഹാരങ്ങളും എല്ലാം തന്നെ മോഡി ലേലത്തില്‍ വെയ്ക്കുകയും പദ്ധതിക്കായി വിനിയോഗിക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം 1.25 കോടി ഇത്തരം ലേലത്തിലൂടെ ലഭിച്ചിരുന്നു.