മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി സച്ചിന്‍ ടെന്‍ഡുല്‍കറിനെ കണ്ടുപഠിക്കണം. തനിക്കുനേരെ വച്ചുനീണ്ടിയ കോടിയുടെ മദ്യപരസ്യം വേണ്ടെന്നുവച്ച് സച്ചിന്‍ ഒരിക്കല്‍കൂടി തന്റെ മാന്യത കാത്തുസൂക്ഷിച്ചു.

ഒരു പ്രമുഖ മദ്യബ്രാന്‍ഡാണ് സച്ചിനെ പരസ്യവുമായി സമീപിച്ചത്. ഒരിന്ത്യക്കാരന് ഇന്നുവരെ ലഭിച്ചതില്‍ ഏറ്റവുംവലിയ തുകയാണ് സച്ചിന് വാഗ്ദാനം ചെയ്തത്. എന്നാല്‍ താരം പിന്‍മാറുകയായിരുന്നു. ആളുകളെ വഴിതെറ്റിക്കുന്ന ഒരുപരസ്യത്തിലും അഭിനയിക്കരുതെന്ന അച്ഛന്‍ രമേഷ് ടെന്‍ഡുല്‍ക്കറിന്റെ നിര്‍ദേശം സച്ചിന്‍ പാലിക്കുകയായിരുന്നു- സച്ചിന്റെ പരസ്യകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന വേള്‍ഡ് സ്‌പോര്‍ട്ട്‌സ് ഗ്രൂപ്പ് വ്യക്തമാക്കി.

നേരത്തേ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി മദ്യരാജാവ് വിജയ് മല്യയുടെ യു ബി ഗ്രൂപ്പുമായി 26 കോടിയുടെ കരാറില്‍ ഒപ്പുവച്ചിരുന്നു.