Categories

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിയുടെ മുമ്പാകെയാണ് സച്ചിന്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്. ഇതോടെ രാജ്യസഭയില്‍ എത്തുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡും സച്ചിന്റെ പേരിലായി.

ഐ.പി.എല്‍ മത്സരങ്ങളുമായി തിരക്കിലായിരുന്നതിനാലാണ് സച്ചിന്റെ രാജ്യസഭാ പ്രവേശം വൈകിയത്. സച്ചിന്റെ രാജ്യസഭയിലേയ്ക്കുള്ള നാമനിര്‍ദ്ദേശം ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.

യു.പി.എ സര്‍ക്കാരിന്റെ അഴിമതികഥകളില്‍ നിന്നു മാധ്യമങ്ങളുടെ ശ്രദ്ധതിരിക്കാനാണ് സച്ചിനെ നോമിനേറ്റു ചെയ്തതെന്ന് ബി.ജെ.പിയും ശിവസേനയും ആരോപിച്ചിരുന്നു.

ഏപ്രിലിലാണ് സച്ചിനെ രാജ്യസഭയിലേയ്ക്കു നാമനിര്‍ദ്ദേശം ചെയ്തത്. സച്ചിനൊപ്പം രാജ്യസഭയിലേയ്ക്കു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ബോളിവുഡ് നടി രേഖയും വ്യവസായി അനു ആഗയും കഴിഞ്ഞമാസം സത്യപ്രതിജ്ഞ ചെയ്തിരുന്നു.

അതിനിടെ സച്ചിനെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തതു സംബന്ധിച്ച് കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു ഇത്. എന്നാല്‍ ഇത് സച്ചിന്റെ സത്യപ്രതിജ്ഞയ്ക്ക് തടസമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന സച്ചിനെ വിവിധ മേഖലയിലുള്ള പ്രഗദ്ഭര്‍ ആശംസകളറിയിച്ചു. സച്ചിന്റെ ജീവിതത്തിലെ പുത്തന്‍ കാല്‍വയ്പ്പാണ് ഈ മുഹൂര്‍ത്തമെന്ന് ഇന്ത്യന്‍ ടീം നായകന്‍ എം.എസ്. ധോണി പറഞ്ഞു. സച്ചിനു രാജ്യസഭയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിക്കുന്നവരെ, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 80 പ്രകാരം രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാം. അങ്ങനെയാണ് സച്ചിന്റെ പേരും ലിസ്‌ററില്‍ വരുന്നത്.