തിരുപ്പതി: ആരാധനാതാരത്തെ തിരുപ്പതി അമ്പലനടയില്‍ കണ്ടുമുട്ടിയപ്പോള്‍ പലരും അമ്പരന്നു. ഇത് തങ്ങള്‍ ഉദ്ദേശിക്കുന്ന ക്രിക്കറ്റിന്റെ മാന്ത്രികന്‍ തന്നെയാണോ എന്ന് ഒരുവേള സംശയിച്ചു. പിന്നീട് ഉറപ്പിച്ചു. അതെ അത് സച്ചിന്‍ തന്നെ.

Ads By Google

ഇന്ന് പുലര്‍ച്ചെയാണ് സച്ചിന്‍ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ച് പരമ്പരാഗത രീതിയില്‍ എത്തിയ സച്ചിനെ അത്ഭുതത്തോടെയാണ് പലരും നോക്കിയത്.

ഒട്ടും പ്രതീക്ഷിക്കാതെ മുന്നിലെത്തിയ താരത്തെ കണ്ട അമ്പരപ്പായിരുന്നു പലര്‍ക്കും. 20 മിനിറ്റോളം സച്ചിന്‍ ക്ഷേത്രത്തിലുണ്ടായിരുന്നു. പ്രാര്‍ഥനയ്ക്കു ശേഷം ക്ഷേത്രത്തിലെ രംഗനായകമണ്ഡപത്തില്‍ ലഡ്ഡു പ്രസാദവും പട്ടുതുണിയും ക്ഷേത്രം അധികൃതര്‍ സച്ചിനു നല്‍കുകയും അദ്ദേഹത്തെ ആശിര്‍വദിക്കുകയും ചെയ്തു.

സച്ചിനെ കാണാനും അദ്ദേഹത്തോട് ഒന്ന് സംസാരിക്കാനും ചുറ്റും കൂടിയവരെ ഒട്ടും നിരാശരാക്കാതെ എല്ലാവരോടും കുശലാന്വേഷണം നടത്താനും സച്ചിന്‍ മറന്നില്ല. അതിന് ശേഷം പുലര്‍ച്ചെയുള്ള ചടങ്ങുകള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സച്ചിന്‍ മടങ്ങിയത്.