എഡിറ്റര്‍
എഡിറ്റര്‍
വിമര്‍ശകര്‍ക്കെതിരെ സച്ചിന്‍ പ്രതികരിക്കണം: ഗാംഗുലി
എഡിറ്റര്‍
Saturday 8th September 2012 1:25pm

മുംബൈ: അടുത്തിടെ നടന്ന മത്സരങ്ങളില്‍ ഫോം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ന്യൂസിലന്റിനെതിരെയുള്ള ടെസ്റ്റ് സീരിസില്‍ മികച്ച ഫോമിലെത്താന്‍ കഴിയാത്തതാണ് സച്ചിന്റെ വിരമിക്കല്‍ ആവശ്യപ്പെട്ട് വിമര്‍ശകര്‍ രംഗത്തെത്താന്‍ കാരണമായത്.

എന്നാല്‍ ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. വിമര്‍ശകരോട് സച്ചിന്‍ പ്രതികരിക്കണമെന്നും അങ്ങനെ മാത്രമേ ഇത്തരക്കാരുടെ വായടക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഗാംഗുലി പറഞ്ഞു.

Ads By Google

‘ഞാന്‍ അദ്ദേഹത്തില്‍ നിന്നും യാതൊരു രീതിയിലുള്ള പിഴവും കണ്ടിട്ടില്ല. ഇത് ആദ്യത്തെ തവണയൊന്നുമല്ല അദ്ദേഹത്തിന് ക്രീസില്‍ മികച്ച രീതിയില്‍ കളിക്കാന്‍ കഴിയാതെയാവുന്നത്. കളിയില്‍ ഉയര്‍ച്ച താഴ്ചകള്‍ സ്വാഭാവികം മാത്രമാണ്. ചിലപ്പോള്‍ നന്നായി കളിക്കാന്‍ കഴിയും ചിലപ്പോള്‍ കഴിഞ്ഞെന്ന് വരില്ല. ഇത് അത്ര വലിയ വിഷയം ആക്കേണ്ടതില്ല. ഓന്നോ രണ്ടോ കളിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെന്ന് കരുതി സച്ചിനെപ്പോലൊരു താരത്തെ വിമര്‍ശിക്കുന്നത് ശരിയല്ല.

അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്ന് എനിയ്ക്ക് ഉറപ്പാണ്. വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ വേദനിപ്പിക്കുന്നുണ്ടെന്ന് എനിയ്ക്കറിയാം. ഇതിനെതിരെ അദ്ദേഹം പ്രതികരിക്കേണ്ടതുണ്ട്.  ഏകദിന മത്സരത്തിലും ടെസ്റ്റിലും ഒരുപോലെ കളിക്കുമ്പോള്‍ ഫോം നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്.

അദ്ദേഹത്തിന് പ്രായം കുറഞ്ഞ് വരികയല്ല കൂടി വരികയാണ്‌. അദ്ദേഹത്തിനെതിരെ സംസാരിക്കുന്നവര്‍ അതും കൂടി മനസിലാക്കണം’-ഗാംഗുലി പറഞ്ഞു.

സച്ചിന്‍ ടെസ്റ്റ് മത്സരത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Advertisement