ന്യൂദല്‍ഹി: സച്ചിന്റെ ജീവിത കഥ പറയുന്ന സച്ചിന്‍ എ ബില്യന്‍ ഡ്രീംസിന് ആശംസ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമയുടെ റിലീസിന് മുമ്പായി പ്രധാനമന്ത്രിയെ കാണാന്‍ സച്ചിനെത്തിയിരുന്നു. സച്ചിനൊപ്പം ഭാര്യ അഞ്ജലിയും ഉണ്ടായിരുന്നു. സിനിമയെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചതായും അദ്ദേഹം എല്ലാ വിധ ആശംസകള്‍ നേര്‍ന്നതായും സച്ചിന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

സച്ചിന്റെ ജീവിത യാത്രയും അദ്ദേഹത്തിന്റെ വിജയവും ഓരോ ഇന്ത്യക്കാരനെയും അഭിമാനിപ്പിക്കുന്നതാണെന്നും 1.25 ബില്യന്‍ ജനങ്ങള്‍ക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

മെയ് 26 നാണ് സച്ചിന്‍ എ ബില്യന്‍ ഡ്രീംസ് പ്രദര്‍ശനത്തിനെത്തുന്നത്. പ്രമുഖ ഡോക്യുമെന്ററി സംവിധായകനായ ജെയിംസ് എര്‍സ്‌കിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ.ആര്‍.റഹ്മാനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.