എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്‍ ബോളിവുഡിലേക്ക്
എഡിറ്റര്‍
Saturday 31st March 2012 2:08pm

ബാറ്റും പിടിച്ച് ക്രിക്കറ്റ് മൈതാനത്ത് പൊരുതുന്ന സച്ചിനെയാണ് നമുക്ക് പരിചയം. എന്നാല്‍ ഇനി പാട്ടിനൊത്ത് നൃത്തം ചെയ്യുകയും കാമുകിയുമായി പ്രണയിച്ച് നടക്കുകയും ചെയ്യുന്ന സച്ചിനെ  കാണാന്‍ കഴിഞ്ഞേക്കും.

അതെ കളിക്കളത്തിലെ മാസ്റ്റര്‍ ബോളിവുഡിലും റണ്‍സുകള്‍ തേടിയെത്തുകയാണ്. വിധു വിനോദ് ചോപ്രയുടെ ഫെറാറി കി സവാരിയെന്ന ചിത്രത്തിലൂടെ സച്ചിന്‍ ബോളിവുഡില്‍ പ്രവേശിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഒരു വെറും പ്രത്യക്ഷപ്പെടല്‍ എന്നതിലുപരിയായിരിക്കും സച്ചിന്റെ തുടക്കമെന്നാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷോഭാ ഡീ ട്വിറ്ററില്‍ അറിയിച്ചത്.

‘ സച്ചിന്‍ ഒരു പുതിയ ഇന്നിംഗ്‌സിന് തയ്യാറെടുക്കുകയാണ്. ബോളിവുഡില്‍. അത് സംഭവിക്കുകയാണെങ്കില്‍ ആരാധകരുടെ പ്രളയമായിരിക്കും.’ ഡീ ട്വീറ്റ് ചെയ്തു.

സച്ചിനെ ചെറുവേഷം ചെയ്യാന്‍ ക്ഷണിച്ചതായി സംവിധായകന്‍ വിധു വിനോദ് തന്നെ അറിയിച്ചിട്ടുണ്ടെന്ന് ഡീ സ്ഥിരീകരിച്ചിട്ടുണ്ട്. സച്ചിന്‍ ഈ ക്ഷണം സ്വീകരിക്കുകയാണെങ്കില്‍ അത് ആരാധകര്‍ക്ക് വലിയ വിരുന്നാവുമെന്നും അവര്‍ അറിയിച്ചു.

സച്ചിനെ സിനിമയില്‍ കാണാന്‍ ഏറെ ആഗ്രഹമുണ്ടെന്ന് സംവിധായകന്‍ അനീസ് ബസ്മീ പറഞ്ഞു. അദ്ദേഹത്തിന് നന്നായി ചെയ്യാന്‍ കഴിയുമെന്ന് തനിക്കുറപ്പുണ്ടെന്നും ബസ്മീ വ്യക്തമാക്കി.

എന്നാല്‍ ഫിലിംമേക്കര്‍ സുഭാഷ് ഗായ് പറയുന്നത് സ്വന്തം മേഖലയില്‍ മാസ്റ്ററായി തുടരുകയാണ് വേണ്ടതെന്നാണ്. സല്‍മാന്‍ ഖാന്‍ സെഞ്ച്വറിയടിക്കുന്നത് നമുക്ക് ഊഹിക്കാനാവുമോ? അദ്ദേഹം ചോദിച്ചു. അഭിനയ രംഗത്തേക്ക് കാലെടുത്തുവെച്ച എല്ലാ ക്രിക്കറ്റ് താരങ്ങളും പരാജയപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement