Categories

സച്ചിന്‍ യൂനിസെഫിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

sachin2

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ യു.എന്‍ സംഘടനയായ യൂനിസെഫിന്റെ ബ്രാന്‍ഡ് അംബാസഡറാവുന്നു. യൂനിസെഫിന്റെ ദക്ഷിണേഷ്യന്‍ മേഖലയുടെ ആദ്യ ബ്രാന്‍ഡ് അംബാസിഡറായാണ് സച്ചിനെ തെരഞ്ഞെടുത്തത്.

ഈ മേഖലയില്‍ ആരോഗ്യപരിപാലനം ശുചീകരണം എന്നിവയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനാണ് സച്ചിനുമായി യു.എന്‍ അധികൃതര്‍ കൈകോര്‍ക്കുന്നത്. അടുത്തിടെ ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിന്‍ കഴിഞ്ഞ പത്ത വര്‍ഷമായി യു.എന്നുമായി സഹകരിക്കുന്നുണ്ട്.

രണ്ട് വര്‍ഷത്തേക്കാണ് യുനിസെഫ് ബ്രാന്‍ഡ് അംബാസിഡറായി സച്ചിനെ നിയമിച്ചിരിക്കുന്നത്. പുതിയ പദവിയെ ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സായി വിശേഷിപ്പിച്ച സച്ചിന്‍ യു.എന്നിന്റെ തീരുമാത്തില്‍ അതിയായ സന്തോഷവും പ്രകകടിപ്പിച്ചു.

യൂനിസെഫിന്റെ അംബാസിഡറായി നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സച്ചിന്‍ പ്രതികരിച്ചു. ലോകത്ത് 36 ശതമാനം പേര്‍ക്കും പ്രാഥമിക കൃത്യനിര്‍വ്വഹണത്തിനായി വൃത്തിയുള്ളതും സുരക്ഷിതവുമായ ടോയ്‌ലെറ്റ് സൗകര്യമില്ല എന്ന സത്യം തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് സച്ചിന്‍ വ്യക്തമാക്കി.

ഇന്നത്തെ കാലത്ത് ജനങ്ങള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും സൗകര്യങ്ങള്‍ ഇല്ലായെന്ന് കാര്യം ഉള്‍ക്കൊള്ളാന്‍ പ്രയാസമായെന്നും സച്ചിന്‍ പറഞ്ഞു.

യൂനിസെഫിന്റെ കണക്കു പ്രകാരം രാജ്യത്തെ പകുതിയിലധികം ജനങ്ങളും പൊതുസ്ഥലത്താണ് മല മൂത്ര വിസര്‍ജ്യം നടത്തുന്നത്. ദക്ഷിണേഷ്യയില്‍ മാത്രം ഇത് 681 മില്ല്യണ്‍ ജനങ്ങളാണ്.

ഇത് ഗൗരവതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ സച്ചിനെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചതിലൂടെ സാധിക്കുമെന്നാണ് യൂനിസെഫ് കരുതുന്നത്.

Tagged with: |