ന്യൂദല്‍ഹി: ലോകക്രിക്കറ്റിലെ ബാറ്റിംഗ് പ്രതിഭാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന ലഭിക്കുമോ? എന്തായാലും  സച്ചിനും ആരാധകരും  അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് തോന്നുന്നത്. ഭാരതരത്‌നയ്ക്ക് കായികതാരങ്ങളെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രധാനമന്ത്രിക്ക് കത്തയച്ചു കഴിഞ്ഞു. ഏപ്രിലില്‍ ഈ ആവശ്യം ഉന്നയിച്ചു കായിക മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം പ്രധാനമന്തിക്ക് കത്തെഴുതിയത്.

നിലവില്‍ കല, സാഹിത്യം, ശാസ്ത്രം, പൊതുപ്രവര്‍ത്തനം എന്നീ മേഖലകളില്‍ തിളങ്ങിയവരെയാണ് ഭാരതരത്‌നക്കായി പരിഗണിക്കുന്നത്. കഴിഞ്ഞലോകകപ്പിന് ശേഷം സച്ചിന് ഭാരതരത്‌ന നല്‍കണമെന്ന ആവശ്യം ഒട്ടേറെ പേര്‍ ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണി, കേന്ദ്ര കായികമന്ത്രി അജയ് മാക്കന്‍ എന്നിവരീ ആവശ്യമുന്നയിച്ചിരുന്നു. സച്ചിന് ഭാരതരത്‌ന നല്‍കണമെന്നാവശ്യപ്പെട്ടു മഹാരാഷ്ട്ര നിയമസഭ ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കായികമേഖലയില്‍ നിന്നുളളവരെയും അവാര്‍ഡിനു പരിഗണിക്കണമെന്നു കായികമന്ത്രാലയം ആവശ്യപ്പെട്ടത്.

1954 ല്‍ ഏര്‍പ്പെടുത്തിയ ഭാരതരത്‌ന ഇതുവരെ 41 പ്രമുഖവ്യക്തികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. സച്ചിന് നേരത്തെ പത്മ വിഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം ആദരിച്ചിരുന്നു.