ന്യൂദല്‍ഹി: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഓസ്‌ട്രേലിയയില്‍ നടക്കുന്ന എല്ലാ പരമ്പരയിലും ഉള്‍പ്പെടുത്തണമെന്ന്‌ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌ക്കര്‍. സച്ചിനെ പുറത്തിരുത്തുന്നത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യില്ല. സച്ചിനെ പോലെ അനുഭവ സമ്പത്തുള്ള ഒരാളെ എന്തിന്റെ പേരിലായാലും പുറത്തിരുത്തിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും ഗവാസ്‌ക്കര്‍ വ്യക്തമാക്കി.

യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കുന്നതിന്റെ ഭാഗമായി ടീമില്‍ റൊട്ടേഷന്‍ സംവിധാനം നടപ്പാക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് ഗവാസ്‌ക്കര്‍ രംഗത്തെത്തിയത്. റൊട്ടേഷന്‍ പ്രകാരം ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ വീരേന്ദ്ര സെവാഗും ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഗൗതം ഗംഭീറും പുറത്തിരുന്നിരുന്നു.

‘എനിയ്ക്ക് തോന്നുന്നത് സച്ചിനെ പുറത്തിരുത്തരുതെന്നാണ്. അഥവാ റൊട്ടേഷന്‍ സംവിധാനം നിര്‍ബന്ധമാണെങ്കില്‍ അതില്‍ മറ്റ് താരങ്ങള്‍ക്ക് മാത്രമായി മാറ്റണം. സച്ചിനും സെവാഗും ഗംഭീറും റൊട്ടേഷന്‍ സംവിധാനത്തിനു കീഴില്‍ വരരുത്. രോഹിത്ത് ശര്‍മ്മയെയും സുരേഷ് റൈനയേയും പുറത്തിരുത്തേണ്ടി വന്നാലും അത് കളിയെ വലിയ തോതില്‍ ബാധിക്കില്ല. ഒരു ടീമിനായി പതിനാറുപേരെ തിരഞ്ഞെടുക്കുന്നത് വളരെ ബാലന്‍സ്ഡ് ആയിട്ടാണ്. അതില്‍ ഒരാള്‍ വേണ്ട വിധം കളിക്കുന്നില്ലെങ്കില്‍ അവരെ മാറ്റണം. അല്ലാതെ അവരെ അവിടെ തന്നെ നിര്‍ത്തി മറ്റുള്ളവര്‍ക്ക് അവസരം വേണമെന്ന് പറഞ്ഞ് ഫോമില്‍ നില്‍ക്കുന്ന താരങ്ങളെ പുറത്തിരുത്തുകയല്ല വേണ്ടത്.’

ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന താരമാണ് അശ്വിന്‍ അദ്ദേഹത്തെ പരമാവധി ഉപയോഗപ്പെടുത്താന്‍ ടീമിന് കഴിയണം. അദ്ദേഹത്തിന്റെ ബൗളിംഗ് പെര്‍ത്തിലെ പിച്ചിന് യോജിച്ചതായിരുന്നു.ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ തിളങ്ങിയ അശ്വിന്‍ തന്നെയാണ് ഇന്നലത്തെ കളിയിലെ താരമെന്നും ഗവാസ്‌ക്കര്‍ വ്യക്തമാക്കി.

Malayalam News

Kerala News In English