Categories

ഐസിസിയുടെ സ്വപ്‌ന ടീമിലേക്ക് സച്ചിനും സേവാഗിനും നോമിനേഷന്‍

ദുബൈയ്: ഐസിസി അവതരിപ്പിക്കുന്ന എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമിലേക്ക് ഇന്ത്യയില്‍നിന്നു സച്ചിന്‍ തെന്‍ഡുല്‍ക്കറിനും വീരേന്ദര്‍ സേവാഗിനും നോമിനേഷന്‍ ലഭിച്ചു. ടെസ്റ്റ് ക്രിക്കറ്റ് മല്‍സരങ്ങള്‍ 2000 തികയുന്ന ചരിത്രമുഹൂര്‍ത്തത്തില്‍, ഐസിസി വെബ്‌സൈറ്റ് വഴി ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്കായി നടത്തുന്ന വോട്ടെടുപ്പിനുള്ള നോമിനേഷന്‍ പാനലിലാണ് ഇവര്‍ക്ക് ഇടം ലഭിച്ചത്. വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗാവസ്‌കര്‍, കപില്‍ ദേവ്, ബിഷന്‍ സിങ് ബേദി, അനില്‍ കുംബ്ലൈ എന്നിവര്‍ക്കും നോമിനേഷന്‍ ലഭിച്ചു.

ഓപ്പണിങ് ബാറ്റ്‌സ്മാന്മാരുടെ പട്ടികയിലാണ് സേവാഗിനും ഗാവസ്‌കറിനും നോമിനേഷന്‍. മധ്യനിര ബാറ്റ്‌സ്മാന്മാരുടെ ഒപ്പമാണു സച്ചിനു സ്ഥാനം. ക്രിക്കറ്റ് ഇതിഹാസം ഓസ്‌ട്രേലിയയുടെ ഡോണാള്‍ഡ് ബ്രാഡ്മാന്‍, റിക്കി പോണ്ടിംഗ്, വെസ്റ്റിന്‍ഡീസ് താരങ്ങളായ വിവിയന്‍ റിച്ചാര്‍ഡ്‌സ്, ബ്രയാന്‍ ലാറ, പാക്കിസ്ഥാന്റെ ജാവേദ് മിയാന്‍ദാദ് തുടങ്ങിയവര്‍ മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടു.

വിക്കറ്റ് കീപ്പര്‍, പേസ് ബോളര്‍ എന്നീ വിഭാഗങ്ങളില്‍ ഒരു ഇന്ത്യന്‍ താരത്തിനു പോലും നോമിനേഷന്‍ ലഭിച്ചില്ല. വിന്‍ഡീസ് പേസര്‍മാരായ മാല്‍ക്കം മാര്‍ഷല്‍, മൈക്കിള്‍ ഹോള്‍ഡിംഗ്, കോട്‌നി വാല്‍ഷ്, കര്‍ഡ്‌ലി ആംബ്രോസ്, പാക്കിസ്ഥാന്‍ താരം വസീം അക്രം, ഓസീസിന്റെ ഗ്ലെന്‍ മഗ്രാത്ത്, ഡെന്നിസ് ലില്ലി തുടങ്ങിയവര്‍ ഫാസ്റ്റ് ബൗളര്‍മാരുടെ സാധ്യതാ പട്ടികയിലുണ്ട്.ഓസീസ്താരം ആഡം ഗില്‍ക്രിസ്റ്റും ദക്ഷിണാഫ്രിക്കന്‍ താരം മാര്‍ക്ക് ബൗച്ചറുമാണ് വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയിലെ പ്രമുഖര്‍. മാല്‍ക്കം മാര്‍ഷല്‍, മൈക്കല്‍ ഹോള്‍ഡിങ്, വസീം അക്രം, ഷെയ്ന്‍ വോണ്‍ എന്നിവര്‍ ബോളര്‍മാരുടെ കൂട്ടത്തിലുമുണ്ട്.

അതേസമയം 1983 ലോകകപ്പ് നേടിയ ക്യാപ്റ്റന്‍ കപില്‍ദേവ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ നോമിനേഷന്‍ നേടി. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസ്, ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോതം, പാക്കിസ്ഥാന്റ ഇമ്രാന്‍ ഖാന്‍, ന്യൂസിലന്‍ഡിന്റെ റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി, വിന്‍ഡീസിന്റെ ഗാരി സോബേഴ്‌സ് തുടങ്ങിയവരാണ് അന്തിമ ഇലവനില്‍ എത്താന്‍ മത്സരിക്കുന്നത്.സ്പിന്നര്‍മാരുടെ കൂട്ടത്തിലാണു ബിഷന്‍ സിങ് ബേദിയും അനില്‍ കുംബ്ലെയും. ഓസ്‌ട്രേലിയയുടെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍, ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍, ഇംഗ്ലണ്ടിന്റെ ജിം ലേക്കര്‍ തുടങ്ങിയവര്‍ സ്പിന്നര്‍മാരുടെ സാധ്യതാ പട്ടികയില്‍ സ്ഥാനം നേടി.

ക്രിക്കറ്റിന്റെ തറവാടായ ലോര്‍ഡ്‌സില്‍, ഈ മാസം 21 മുതല്‍ 25 വരെ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് ആണ് ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ടായിരാമത്തെ മല്‍സരം. ഈ വേദിയില്‍ ഐസിസി എക്കാലത്തെയും മികച്ച ടീമിനെ പ്രഖ്യാപിക്കും.

ഐസിസി വെബ്‌സൈറ്റില്‍ 60 പേരുടെ പട്ടികയാണ് ആരാധകര്‍ക്ക് വോട്ടെടുപ്പിനായി നല്‍കുക. ഇതില്‍നിന്ന് രണ്ട് ഓപ്പണര്‍മാര്‍, മൂന്നു മധ്യനിര ബാറ്റ്‌സ്മാന്മാര്‍, ഒരു വിക്കറ്റ് കീപ്പര്‍, മൂന്നു ഫാസ്റ്റ് ബോളര്‍മാര്‍, ഒരു സ്പിന്നര്‍ എന്നിവരെയാണു തിരഞ്ഞെടുക്കേണ്ടത്. ഐസിസി ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് ലോകത്തെമ്പാടുമുള്ള ആരാധകര്‍ക്കു വോട്ടു രേഖപ്പെടുത്താം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.