മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കരിയറില്‍ വീണ്ടും റെക്കോഡുകള്‍ എഴുതിച്ചേര്‍ക്കുകയാണ്. ഏറ്റവുമധികം ഒന്നാം ക്ലാസ് സെഞ്ചുറികള്‍ പേരിലുള്ള ഇന്ത്യന്‍ താരമെന്ന സുനില്‍ ഗാവസ്‌കറുടെ റെക്കോര്‍ഡിനൊപ്പമാവും ഇനി സച്ചിന്റെ പേരും.

Ads By Google

വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇറാനി ട്രോഫിയുടെ മൂന്നാം ദിനം, റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെതിരെ മുംബൈയ്ക്കുവേണ്ടിയിറങ്ങിയ സച്ചിന്‍ കരിയറിലെ 81-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടി.

പുറത്താകാതെ 140 റണ്‍സ് നേടിയ സച്ചിന്റെ ബാറ്റിങ് മികവില്‍, മുംബൈ 409 റണ്‍സിന് ഓള്‍ഔട്ടായി. റെസ്റ്റ് ഓഫ് ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 526 റണ്‍സ് നേടിയിരുന്നു.

ആഭ്യന്തര മല്‍സരത്തില്‍ സച്ചിന്റെ മുപ്പതാം സെഞ്ചുറിയാണിത്. ടെസ്റ്റിലുള്ള 51 സെഞ്ചുറികള്‍ കൂടി ഫസ്റ്റ് ക്ലാസ് കണക്കില്‍ പരിഗണിക്കും. 1971 മുതല്‍ 1997 വരെയുള്ള കാലത്താണ് ഗാവസ്‌കര്‍ 81 സെഞ്ചുറി നേടിയത്.

ഇതില്‍ 34 എണ്ണം ടെസ്റ്റില്‍നിന്നുമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 25,000 റണ്‍സ് എന്ന നാഴികക്കല്ലും സച്ചിന്‍ ഇതിനിടെ പിന്നിട്ടു. മലയാളി താരം എസ്. ശ്രീശാന്തിന്റെ പന്തില്‍ സിങ്കിള്‍ നേടിയാണ് സച്ചിന്‍ സെഞ്ചുറി തികച്ചത്. 139 പന്തിലായിരുന്നു സെഞ്ചുറി.