Administrator
Administrator
സച്ചിന്‍… നീയൊരു വീഞ്ഞാണ്
Administrator
Monday 20th December 2010 1:16pm

പി.വി സൂരാജ്


ക്രിക്കറ്റ് ദൈവം,വാഴ്ത്തപ്പെടാനായി മാത്രം ജനിച്ചവന്‍, മാസ്റ്റര്‍ ബ്ലാസ്റ്റര്‍, ഇന്ത്യന്‍ ദേശീയതയുടെ പര്യായം, മാന്യതയുടെ ആള്‍രൂപം…..സച്ചിന്‍, നിന്നെ ഇനി എന്തു പറഞ്ഞു വാഴ്ത്തും? ദക്ഷിണാഫ്രിക്കയിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ അമ്പതാം സെഞ്ചുറി നേടിയപ്പോള്‍ ഈ ലോകം മുഴുവന്‍ നിന്നെ നമിക്കുകയായിരുന്നു. ക്രിക്കറ്റ് ദൈവത്തെ പാടിപ്പുകഴ്ത്തുകയായിരുന്നു.

സച്ചിന്‍, നീയൊരു വീഞ്ഞാണ്. പ്രായമേറുന്തോറും വീര്യം കൂടുന്ന വീഞ്ഞ്. കോടിക്കണക്കിന് വരുന്ന നിന്റെ ആരാധകരാണ് അത് നുകരുന്നത്. നിന്റെ നേട്ടങ്ങളെ നെഞ്ചോടു ചേര്‍ക്കുന്നു, നിന്റെ വീഴ്ച്ചകളില്‍ കണ്ണീരണിയുന്നു. നിന്റെ മികച്ച പ്രകടനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. വീഴ്ച്ചകളുണ്ടാകുമ്പോഴും അതില്‍ നിന്നെല്ലാം പുതിയ പാഠങ്ങള്‍ പഠിച്ച് നീ മികവുകാട്ടുന്നു.

സച്ചിന്‍, നീ ഞങ്ങള്‍ക്ക് വെറുമൊരു ആരാധനാ പാത്രമല്ല. ആരാധിക്കാന്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഒരുപാട് പേരുണ്ട്. സിനിമയിലും രാഷ്ട്രീയത്തിലും സാമൂഹ്യരംഗത്തും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെയ്ക്കുന്ന ഒരുപാടുപേര്‍. എന്നാല്‍ അവരെല്ലാം നിന്നോളം വരുമോ? ഇല്ല. നിരക്ഷരനും പണക്കാരനും പാവപ്പെട്ടവനും കുട്ടികള്‍ക്കും യുവാക്കള്‍ക്കും എല്ലാം നീയാണ് മാതൃക. ഇന്ത്യന്‍ പതാക ഹെല്‍മറ്റിലേന്തി നീ നടത്തിയ പ്രകടനങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു.

പതിനാറാം വയസിന്റെ പകത്വയുടെ കരുത്തില്‍ ബാറ്റുമേന്തി നീ പാക്കിസ്താനെതിരേ കളിക്കാനിറങ്ങി. അബ്ദുള്‍ ഖാദറിന്റെയും വസീം അക്രത്തിന്റെയും പന്തുകളെ മൈതാനത്തിനു പുറത്തെത്തിക്കുമ്പോള്‍ നിന്റെ നിഷ്‌ക്കളങ്കത ഞങ്ങള്‍ കണ്ടു.

ഷാര്‍ജയില്‍ ഗ്ലെന്‍ മഗ്രാത്തിനെയും ഹെന്റി ഒലോങ്കയേയും സ്‌റ്റേഡിയത്തിനു വെളിയിലെത്തിച്ചപ്പോഴും അതേ നിഷ്‌ക്കളങ്കത നിന്റെ മുഖത്തുണ്ടായിരുന്നു. തലക്കു മുകളിലൂടെ സിക്‌സറടിച്ച് ഷെയ്ന്‍ വോണിന്റെ ഉറക്കം നീ കെടുത്തിയപ്പോള്‍ അത് ഞങ്ങള്‍ക്ക് സമ്മാനിച്ചത് സ്വപ്‌നസമൃദ്ധമായ നിദ്രയായിരുന്നു.

ടീമിനെ മുന്നില്‍ നിന്ന് നയിക്കാനായി ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചപ്പോള്‍ ഞങ്ങള്‍ സന്തോഷിച്ചു. നിന്റെ നേതൃത്വത്തില്‍ ടീം മികച്ച വിജയങ്ങള്‍ നേടുന്നത് ഞങ്ങള്‍ സ്വപ്‌നം കണ്ടു. എന്നാല്‍ ഞങ്ങളുടെ പ്രതീക്ഷകളെ നീ തകര്‍ത്തു. ക്യാപ്റ്റന്‍ സ്ഥാനം പ്രകടനത്തെ ബാധിക്കുമെന്നു നീ പറഞ്ഞപ്പോള്‍ ഞങ്ങള്‍ ദു:ഖിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം വെച്ചൊഴിഞ്ഞ് നീ നടത്തിയ പ്രകടനങ്ങള്‍ ഞങ്ങളെ വീണ്ടും ആവേശത്തിലാക്കി.

സച്ചിന്‍, നീ ടീം ഇന്ത്യക്കു നല്‍കിയ ശക്തി, പ്രചോദനം എത്ര വലുതായിരുന്നു. നിന്റെ സാന്നിധ്യംപോലും യുവതാരങ്ങള്‍ക്ക് പ്രചോദനമായി.  സെവാഗും യുവരാജും ധോണിയും ശ്രീശാന്തും നിന്റെ പ്രകടനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടു. ഗ്രൗണ്ടിനകത്തെ പ്രകടനംകൊണ്ടു മാത്രമല്ല, ഗ്രൗണ്ടിനു പുറത്തെ പ്രകടനവും എങ്ങിനെയായിരിക്കണമെന്ന് നീ അവരെ പഠിപ്പിച്ചു.

വെറും പരസ്യത്തിനുപിന്നാലെ പോയി കരിയര്‍ നശിപ്പിക്കരുതെന്ന് നീ അവരെ പഠിപ്പിച്ചു. ഐ പി എല്ലിനുശേഷമുള്ള പാര്‍ട്ടികളില്‍ നിന്നും വിട്ടുനിന്ന് നീ അവര്‍ക്ക് മാതൃകയായി. ജീവിതത്തില്‍ ചില മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണമെന്ന് നീ അവരെ പഠിപ്പിച്ചു. കോടികള്‍ കീശയിലെത്തുന്ന മദ്യപരസ്യത്തില്‍ നിന്നും വിട്ടുനിന്ന് നീ അച്ഛനു നല്‍കിയ വാഗ്ദാനം പാലിച്ചു. ആ വാര്‍ത്തകേട്ട് ഞങ്ങള്‍ ഒരിക്കല്‍കൂടി അഭിമാനിച്ചു.

ടെസ്റ്റ് ക്രിക്കറ്റിലെ അമ്പതാം സെഞ്ചുറി നീ നേടിയപ്പോള്‍ അത് ഞങ്ങള്‍ക്ക് വലിയ അല്‍ഭുതമൊന്നുമായിരുന്നില്ല. ഈ നേട്ടം അല്‍പ്പം വൈകിപ്പോയോ എന്ന സംശയം മാത്രമേ ഞങ്ങള്‍ക്കുള്ളൂ. ടെസ്റ്റിലും ഏകദിനത്തിലും നീ വാരിക്കൂട്ടിയ നേട്ടങ്ങളെ ഞങ്ങള്‍ ഓര്‍ക്കുന്നു. ദേശീയതയെ നെഞ്ചോടുചേര്‍ത്ത് ഗ്രൗണ്ടിന് പുറത്ത് നീ നടത്തിയ പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ സ്മരിക്കുന്നു.

മുംബൈയിലെ ശാരദാശ്രമം സ്‌കൂളില്‍ നിന്നും കായികരംഗത്തെ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന പദവിയില്‍ നീ എത്തിനില്‍ക്കുന്നു. ഞങ്ങള്‍ എന്നും നിന്നോട് നന്ദിയുള്ളവരായിരിക്കും.ഇന്ത്യയെന്ന വികാരത്തെ ക്രിക്കറ്റ് നേട്ടങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിലേക്ക് എത്തിച്ചതിന്, ഇന്ത്യയിലെ യുവജനതയ്ക്ക് പ്രചോദനം നല്‍കിയതിന്. ക്രിക്കറ്റ് എന്ന യുദ്ധക്കളത്തില്‍ പുതിയ സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ഇനിയും നിനക്ക് കഴിയട്ടേ എന്ന് ആശംസിക്കുന്നു.

Advertisement