അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരെ നാളെ നടക്കാനിരിക്കുന്ന മത്സരത്തില്‍ നിന്നും സച്ചിനെ പുറത്തിരുത്താന്‍ സാധ്യത. മുന്‍നിരയിലെ ബാറ്റിംഗ് റൊട്ടേഷന്റെ ഭാഗമായാണ് ഇത്. ആദ്യ ഏകദിനത്തില്‍ വീരേന്ദര്‍ സെവാഗും രണ്ടാം ഏകദിനത്തില്‍ ഗൗതം ഗംഭീറും റൊട്ടേഷന്റെ ഭാഗമായി വിശ്രമിച്ചിരുന്നു. എന്നാല്‍ സച്ചിനെ പോലെ അനുഭവസമ്പത്തുള്ള താരത്തെ പുറത്തിരുത്തുന്നത് ടീമിന് ഗുണകരമാവില്ലെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ 22 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയില്‍ ഇന്ത്യ ആകെ ജയിച്ചത് അഞ്ച് മത്സരങ്ങളാണ്. അതിലെല്ലാം തന്നെ സച്ചിന്റെ പങ്ക് നിര്‍ണ്ണായകരമായിരുന്നു. 1991-92 കാലഘട്ടത്തില്‍ പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ 107 റണ്‍സിനായിരുന്നു ഓസ്ട്രേലിയയെ തോല്‍പ്പിച്ചിരുന്നത്. അന്ന് 65 പന്തില്‍ 36 റണ്‍സടിച്ച സച്ചിനായിരുന്നു രണ്ടാമത്തെ ടോപ്പ് സ്‌കോറര്‍.

പിന്നീട് തുടരെ പതിനൊന്ന് മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയക്കുമുന്നില്‍ അടിയറവു പറഞ്ഞു. പിന്നീട് 2003 ല്‍ നടന്ന മത്സരത്തിലാണ് ഒരു ആശ്വാസ ജയം കാണാന്‍ കഴിഞ്ഞത്. ഗാബയില്‍ അന്ന് നടന്ന മത്സരത്തില്‍ പത്തൊമ്പത് റണ്‍സിനാണ് ഇന്ത്യ ജയിച്ചു കയറിയത്. മുന്നൂറ് റണ്‍സിനു മുകളില്‍ ഇന്ത്യന്‍ ടീം സ്‌കോര്‍ ചെയ്തപ്പോള്‍ 95 പന്തില്‍ 86 റണ്‍സായിരുന്നു സച്ചിന്റെ സംഭാവന.

2007-08 ല്‍ മെല്‍ബണില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ 159 റണ്‍സിനെ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. സച്ചിന്‍ 54 പന്തില്‍ 44 റണ്‍സായിരുന്നു ആ മത്സരത്തില്‍ നേടിയിരുന്നത്. അന്ന് നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ച് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ മണ്ണില്‍ പരമ്പര സ്വന്തമാക്കി. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ 240 റണ്‍സിനെ മറികടക്കാനായത് സച്ചിന്‍ അന്ന് നേടിയ 117 റണ്‍സിന്റെ ബലത്തിലാണ്.

ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് സച്ചിന്‍ ഓസ്ട്രേലിയയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ കളിക്കണം എന്നുതന്നെയാണ്. ഓപ്പണര്‍ സ്ഥാനത്തു നിന്നും സെവാഗിനെയും ഗംഭീറിനേയും മാറ്റിയതുപോലെ നിസ്സാരമായി സച്ചിനെ മാറ്റുന്നത് ഇന്ത്യന്‍ ടീം പരാജയം ചോദിച്ചു വാങ്ങുന്നതിന് തുല്യമായിരിക്കും.

Malayalam News

Kerala News In English